വളപട്ടണം: ഉയർന്ന പലിശ വാഗ്ദാനം നൽകി നിക്ഷേപം സ്വീകരിച്ച ശേഷം ലാഭവിഹിതമോ നിക്ഷേപതുകയോ തിരിച്ചു നൽകാതെ 31 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ സ്ഥാപന മേധാവികൾ ഉൾപ്പെടെനാലു പേർക്കെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തു. അഴീക്കോട് ചാൽ സ്വദേശി കൃഷ്ണകൃപയിൽ എം.രാജേഷിൻ്റെ പരാതിയിലാണ് കണ്ണൂർ ആശീർവാദ് ആശുപത്രി റോഡിൽ പ്രവർത്തിച്ചു വന്ന റോയൽ ട്രാവൻകൂർ ഫാർമേർസ് പ്രൊഡ്യൂസേർസ് കമ്പനി ലിമിറ്റഡിൻ്റെ ഡയരക്ടർമാരായ രാഹുൽചക്രപാണി, അനിൽ ചക്രപാണി, സുനിത, സ്ഥാപനത്തിൻ്റെഏജൻ്റ് സി.കെ. നിമ്ന എന്നിവർക്കെതിരെ കേസെടുത്തത്.പത്ത് ശതമാനം പലിശ വാഗ്ദാനം നൽകി പരാതിക്കാരനിൽ നിന്നും 2022 ഫെബ്രവരി 19നും കഴിഞ്ഞ വർഷം സപ്തംബർ 30 നുമിടയിൽ പല തവണകളായി പരാതിക്കാരൻ്റെ പേരിലും ഭാര്യയുടെ പേരിലും മകളുടെ പേരിലുമായി 31 ലക്ഷം രൂപ സ്ഥാപനത്തിൽ നിക്ഷേപിക്കുകയും പിന്നീട് പലിശയോ നിക്ഷേപതുക യോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.