പാനൂര്‍ സ്‌ഫോടനം: സമഗ്രാന്വേഷണത്തിലൂടെ ഗൂഢാലോചനയടക്കം പുറത്തുകൊണ്ടുവരണം-എസ്.ഡി.പി.ഐ

kpaonlinenews

കണ്ണൂര്‍: പാനൂര്‍ കൈവേലിക്കല്‍ മുളിയാന്തോടില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും നാലോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ഞെട്ടിക്കുന്നതും ഗൗരവതരവുമാണെന്ന് എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ജില്ലയില്‍ ആര്‍.എസ്.എസ്-സിപിഎം കേന്ദ്രങ്ങളില്‍ മല്‍സരിച്ച് ബോംബ് നിര്‍മിക്കുന്നുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണിത്. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എത്ര പേര്‍ക്ക് പരിക്കേറ്റു എന്നതില്‍ പോലും വ്യക്തത വരുത്താന്‍ പോലിസിനായിട്ടില്ല. സി.പി.എം-ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മ്മാണം നടക്കുന്നു എന്നത് രഹസ്യമല്ല. എസ്.ഡി.പി.ഐ തന്നെ ബോംബ് നിര്‍മാണം സംബന്ധിച്ച് പല തവണ പോലിസിനോട് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴൊതുങ്ങിയ പോലീസിന്റെ നിലപാടാണ് ഇത്തരം സംഭവങ്ങള്‍ നിര്‍ബാധം നടക്കാന്‍ ഇടയാക്കുന്നത്. മുളിയന്തോടില്‍ ഉണ്ടായ സംഭവത്തില്‍ മരണപ്പെട്ടവരും പരിക്കേറ്റവരും സി.പി.എമ്മുകാരാണ് എന്ന വിവരം പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ ഗുഢാലോചനയടക്കം പുറത്ത് കൊണ്ടുവരാന്‍ സമഗ്ര അന്വേഷണം വേണം.
ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടന്ന സ്‌ഫോടനം തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണത്തില്‍ ഇത്തരം കാര്യങ്ങള്‍ പുറത്ത് കൊണ്ടുവരണം.
ഒരാഴ്ച്ച മുമ്പാണ് സെന്‍ട്രല്‍ പൊയിലൂരില്‍ ആര്‍.എസ്.എസ് നേതാവിന്റെ വീട്ടില്‍ നിന്ന് ക്വിന്റല്‍ കണക്കിന് ഉഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. സെന്‍ട്രല്‍ പൊയിലൂര്‍ വടക്കേയില്‍ പ്രമോദിന്റെയും ബന്ധു വടക്കേയില്‍ ശാന്തയുടെയും വീട്ടില്‍ നിന്നാണ് 770 കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. ബോംബ് നിര്‍മ്മാണമടക്കം ലക്ഷ്യമിട്ട് സൂക്ഷിച്ച സ്‌ഫോടക ശേഖരത്തെ കുറിച്ച് പോലീസോ മാധ്യമങ്ങളോ വേണ്ടത്ര ഗൗരവം കാണിച്ചില്ല. മാസങ്ങള്‍ക്ക് മുമ്പ് കാക്കയങ്ങാട് ആയിച്ചോത്തും പയ്യന്നൂര്‍ പെരിങ്ങോത്തും ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ആര്‍.എസ്.എസ്സുകാര്‍ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നത് ജില്ലയില്‍ സി.പി.എമ്മും ആര്‍.എസ്.എസ്സും സംഘര്‍ഷം ലക്ഷ്യമിട്ട് വ്യാപകമായി ബോംബ് നിര്‍മ്മിക്കുന്നുണ്ട് എന്നതാണ്. ജില്ലയില്‍ സമാധാനപൂര്‍ണമായ പൗരജീവിതം സാധ്യമാക്കുന്നതിന് പോലിസും ജില്ലാ ഭരണകൂടവും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എസ്.ഡി.പി.ഐ. ആവശ്യപ്പെട്ടു.

Share This Article
error: Content is protected !!