‘ലീഗിന്‍റെ വോട്ട് വേണം, പതാക പാടില്ല’; സ്വന്തം കൊടിക്ക് പോലും കോൺഗ്രസിന് അയിത്തം -പിണറായി

kpaonlinenews

കൊച്ചി: സ്വന്തം പതാക ഉയർത്തിപ്പിടിക്കാന്‍ കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽഗാന്ധിയുടെ റോഡ് ഷോയിൽ കോൺഗ്രസിന്റെ പതാക എവിടെയും കണ്ടില്ല. ലീഗിന്റെ പതാക ഒഴിവാക്കാനാണ് കോൺഗ്രസ് പതാകക്ക് അയിത്തം കൽപ്പിച്ചത്. ബി.ജെ.പിയെ ഭയന്നാണിതെന്നും ഇത് ഭീരുത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ലിം ലീഗിന്റെ വോട്ട് വേണം, പതാക പാടില്ല എന്ന നിലപാടാണോ കോൺഗ്രസിനെന്നും മുഖ്യമന്ത്രി ചോദിച്ചു.ലീഗിന്റെ പതാക പാർട്ടിയുടെ കൊടിയാണെന്ന് പറയാൻ കോൺഗ്രസ് ധൈര്യപ്പടണം. കോൺഗ്രസ് പതാകയുടെ ചരിത്രം കോൺഗ്രസ് നേതാക്കൾ ഓർമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർണായക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബി.ജെ.പിയെ ഭയക്കുന്നു. സ്വന്തം പതാക ഉയർത്താതെ വർഗീയവാദികളെ ഭയന്ന് പിന്മാറും വിധം കോൺഗ്രസ് അധ:പതിച്ചിരിക്കുന്നു.

ത്രിവർണപതാക കോൺഗ്രസ് ഉപേക്ഷിക്കണം എന്നത് സംഘപരിവാർ ഉയർത്തിയ ആവശ്യമാണ്. അതിന് വഴങ്ങുകയാണോ പുതിയ കോൺഗ്രസ് എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പതാക ഇന്ത്യയിലെ ജനങ്ങൾ അണിനിരക്കുന്ന പാർട്ടിയുടെ കൊടിയാണ് എന്ന് കോൺഗ്രസ് പറയാൻ തയാറാകും എന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. ഇപ്പോൾ സ്വന്തം പതാകയും കോൺഗ്രസ് ഉപേക്ഷിച്ചിരിക്കുന്നു. ഇവരാണോ സംഘപരിവാറിനെതിരായി സമരം നയിക്കുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

Share This Article
error: Content is protected !!