രാജ്യം നിലനിൽക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്: ബൃന്ദ കാരാട്ട്

kpaonlinenews


കണ്ണൂർ: രാജ്യം നിലനിൽക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഈ തിരഞ്ഞെടുപ്പിൽ യുവജനങ്ങളുടെ പങ്ക് നിർണായകമാണ്. ഭരണഘടന ഉയർത്തുന്ന മൂല്യങ്ങളെയാകെ മോദി സർക്കാർ തച്ചു തകർക്കുകയാണ്. ചരിത്രത്തിൽ ഏറ്റവും അപകടകരമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത് രാജ്യത്തിന്റെ അന്തസത്ത കളങ്കപ്പെടുത്തുകയാണ് മോദിയും ബിജെപി സർക്കാരും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ മുല്യങ്ങൾ മുഴുവൻ മോദിയും കൂട്ടരും തകർക്കുകയാണ്. ഹിന്ദുത്വ രാഷ്ട്രം ഉണ്ടാക്കാനാണ് ശ്രമം.- ബൃന്ദ കാരാട്ട് പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചരണാർഥം എൽഡിഎഫ് യുവജന -വിദ്യാർഥി സംഘടനാ കൺവൻഷനോടനുബന്ധിച്ച് ‘ഇന്ത്യൻ ഭരണഘടനയും അതിന്റെ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുക’ എന്ന വിഷയത്തിൽ നടന്ന മുഖാമുഖം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ
ന്യൂനപക്ഷ വേട്ട മോദി ഭരണത്തിൽ തുടരുകയാണ്. രാഷ്ട്രീയ നേട്ടത്തിനായി വർഗീയത ഉയർത്തുകയാണ് ബിജെപി. മതത്തെ പോലും രാഷ്ട്രീയ വൽക്കരിക്കാനാണ് ശ്രമം. ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ മോദി വേട്ടയാടുകയാണ്. അരവിന്ദ് കെജ്രിവാളിന്റെ കാര്യത്തിലും ഇതാണ് വ്യക്തമായത് തൊഴിൽ അവസരം ഇല്ലാതാക്കി രാജ്യത്തെ യുവാക്കളുടെ ഭാവി ഇരുളടഞ്ഞതാക്കി മാറ്റി കേന്ദ്രസർക്കാർ. പാർലമെന്ററി ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. ഹിന്ദുത്വ വാദികൾ അഴിഞ്ഞാടി രാജ്യത്ത് വർഗീയത ആളിപ്പടർത്താനാണ് ശ്രമിക്കുന്നത്. രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വം തകർത്ത് അസഹിഷ്ണുത പടർത്തുകയാണ് മോദി. ഇടതുപക്ഷത്തിന് മാത്രമാണ് മോദി സർക്കാരിന്റെ തെറ്റായ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിരോധം ഉയർത്താൻ സാധിക്കുന്നത്. ബൃന്ദ കാരാട്ട് പറഞ്ഞു.
എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ അധ്യക്ഷത വഹിച്ചു സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ.സനോജ്, എം.വി.ഷിമ, അഖില, കെ. ജി ദിലീപ്, സന്തോഷ് കാല, സിറാജ് ഇരിക്കൂർ, വി.പി യദുകൃഷ്ണൻ. പി.എ ഇസ്മായിൽ, കെ.വി.സാഗർ, ടോം ജോസ്, ജസ്റ്റിൻ ജോസ്, എൻ സി ടി ഗോപി കൃഷ്ണൻ, സൈലസ് മണലേൽ, തോമസ് കുറശ്ശേരി എന്നിവർ സംസാരിച്ചു.

Share This Article
error: Content is protected !!