നാൽപ്പതും കടന്ന് ചൂട്; കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത. 

kpaonlinenews

സംസ്ഥാനത്ത് ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്‍കോട്് ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. സാധാരണയെക്കാള്‍ 2 – 3 °C കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനിടെ കഴിഞ്ഞദിവസം പാലക്കാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ ഡാറ്റാപ്രകാരം ശരാശരി ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ എത്തി. 2019നുശേഷം ആദ്യമായാണ് മാര്‍ച്ച് മാസത്തില്‍ ഇവിടെ 40 ഡിഗ്രി താപനില രേഖപ്പെടുത്തുന്നത്.

ഏഴ് ജില്ലയില്‍ ശരാശരി ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസിന് മുകളിലും കടന്നു. ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ചസമയത്ത് സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Share This Article
error: Content is protected !!