കാസര്‍കോട്: ചൂരിയിലെ മദ്റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ പള്ളിയിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതികളായ മൂന്ന് ആർ.എസ്.എസുകാരെയും കോടതി വെറുതെ വിട്ടു. പ്രതികളും ആർ.എസ്.എസ് പ്രവർത്തകരുമായ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരെയാണ് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണൻ വെറുതെ വിട്ടത്.
പ്രതികളെ വെറുതെവിട്ടു എന്ന ഒറ്റവരിയിലാണ് കേസില്‍ കോടതി ശനിയാഴ്ച വിധിപറഞ്ഞത്. അതേസമയം, സെഷന്‍സ് കോടതിയുടെ വിധിക്കെതിരേ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.
ചൂരി മദ്രസയിലെ അധ്യാപകനും കര്‍ണാടക കുടക് സ്വദേശിയുമായ മുഹമ്മദ് റിയാസ് മൗലവി(27)യെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. 2017 മാര്‍ച്ച് 21-ന് പുലര്‍ച്ചെയായിരുന്നു സംഭവം.
കേളുഗുഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. ജാമ്യം ലഭിക്കാതിരുന്ന പ്രതികള്‍ ഇതുവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷന്‍ 97 പേരെയും പ്രതിഭാഗം ഒരാളെയും കോടതിയില്‍ വിസ്തരിച്ചു. രണ്ടുമാസം മുന്‍പ് കേസിന്റെ വിചാരണ പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് പലതവണ മാറ്റിവെയ്ക്കുകയായിരുന്നു.