ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നടപ്പാതയുടെ കൈവരികളിൽ നഗരസഭയുടെ നേതൃത്വത്തിൽ പൂച്ചട്ടികൾ സ്ഥാപിച്ചു. 10 ലക്ഷം രൂപ ചെലവിലാണ് പൂച്ചട്ടികൾ സ്ഥാപിച്ചത്. ചെടികൾ നനക്കാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്.
അഞ്ചുകോടി രൂപ ചെലവിൽ നടത്തിയ ശ്രീകണ്ഠപുരം നഗരസൗന്ദര്യവത്കരണം രണ്ടാഴ്ച മുൻപ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്തത്. ഇതിന്റെ ഭാഗമായി കോട്ടൂർ ഐ.ടി.ഐ. ബസ് സ്റ്റോപ്പ് മുതൽ ചെങ്ങളായി ഭാഗത്തേക്ക് ശ്രീകണ്ഠപുരം അതിർത്തി വരെയും പയ്യാവൂർ ഭാഗത്തേക്ക് ഓടത്തുപാലം വരെയും ഒവുചാൽ സംവിധാനവും ടൈൽ, ഇന്റർലോക്ക് എന്നിവ വിരിച്ച നടപ്പാതയും കൈവരിയും ഒരുക്കിയിരുന്നു. ടേക്ക് എ ബ്രേക്ക് കെട്ടിടത്തോട് ചേർന്നുള്ള പൊതുമരാമത്ത് ഭൂമിയിലെ ഓപ്പൺ സ്റ്റേജും നിർമിച്ചു. കൈവരികളോട് ചേർന്ന് 50 ലക്ഷം രൂപ ചെലവിൽ തെരുവുവിളക്കുകളും സ്ഥാപിച്ചു.
തണൽമരങ്ങൾക്ക് ചുറ്റും ഇരിപ്പിടങ്ങളും നിർമിച്ചിട്ടുണ്ട്. നഗരവികസന പ്രവൃത്തികളുടെ ഭാഗമായി കഴിഞ്ഞവർഷം ശ്രീകണ്ഠപുരം സെൻട്രൽ ജങ്ഷനിൽ ഗാന്ധിപ്രതിമ സ്ഥാപിച്ച് ഗാന്ധി സ്‌ക്വയർ എന്ന പേര് നൽകിയിരുന്നു.
നഗരസഭയുടെ പ്രത്യേക തീരുമാനപ്രകാരമാണ് ഗാന്ധിപ്രതിമ സ്ഥാപിച്ചത്. പൂച്ചട്ടികളും ചെടികളും പരിപാലിക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.