കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഉത്രവിളക്ക് മഹോത്സവം പാണ്ഡ്യൻ തടസ്ഥാനത്തേക്കുള്ള എഴുന്നള്ളിപ്പും എതിരേൽപ്പും ഇന്ന്

kpaonlinenews


കണ്ണാടിപ്പറമ്പ് : ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്ക് മഹോത്സവത്തിൻ്റെ മൂന്നാം ദിവസമായ ഇന്ന് വൈകുന്നേരം 6.30 ന് നാറാത്ത് പാണ്ഡ്യൻ തടസ്ഥാനത്തേക്കുള്ള എഴുന്നള്ളത്ത് നടക്കും. ചേലേരിമുക്ക് , ഈശാനമംഗലം,ചന്ദ്രോത്ത് കണ്ടി മടപ്പുര ,ചേലേരി അമ്പലം, എടക്കൈത്തോട് ശ്രീമുത്തപ്പൻ മടപ്പുര ,ഓണപ്പറമ്പ്, ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ ഭക്തിനിർഭരമായ സ്വീകരണത്തിനു ശേഷം ആരുഢസ്ഥാനമായ പാണ്ഡ്യൻ തടസ്ഥാനത്ത് എത്തിച്ചേരും. പാണ്ഡ്യൻ തടസ്ഥാന കമ്മിറ്റി സ്വീകരിക്കും. തുടർന്ന് 9 മണിക്ക് എഴുന്നള്ളിച്ച് വയ്ക്കൽ, നിവേദ്യപൂജ, മട്ടന്നൂർ വാദ്യസംഘത്തിൻ്റെ തായമ്പക എന്നിവ നടക്കും. രാത്രി 10 ന് കണ്ണാടിപ്പറമ്പിലേക്കുള്ള തിരിച്ചെഴുന്നള്ളത്ത്. സ്റ്റെപ്പ് റോഡ് വഴി പീടികത്തെരുവിൽ എത്തുമ്പോൾ താലപ്പൊലിയും മുത്തുക്കുടകളുമേന്തി നിറഞ്ഞ ഭക്തജന സാന്നിധ്യത്തോടെ ശ്രീധർമ്മശാസ്താവിനേയും ശ്രീ ഭഗവതിയേയും എതിരേൽക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര ക്ഷേത്രത്തിലെത്തിച്ചേരും. തുടർന്ന് ശ്രീവയത്തൂർ കാലിയാർ ക്ഷേത്രത്തിലെ എതിരേൽപ്പ്, ചന്തം, തിടമ്പുനൃത്തം,അകത്തെഴുന്നള്ളിപ്പ്, അത്താഴപൂജ എന്നീ ചടങ്ങുകളും നടക്കും. ക്ഷേത്ര സ്റ്റേജിൽ 7 മണി മുതൽ വിവിധ ട്രൂപ്പുകൾ നൃത്ത പരിപാടികൾ അവതരിപ്പിക്കും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Share This Article
error: Content is protected !!