ലോക്സഭ തിരഞ്ഞെടുപ്പ്:ഇലക്ട്രോണിക് പരസ്യങ്ങള്‍ക്ക് പ്രീ സര്‍ട്ടിഫിക്കേഷഷന്‍ നിര്‍ബന്ധം

kpaonlinenewsലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ(എംസിഎംസി)പ്രീ സര്‍ട്ടിഫിക്കേഷഷന്‍ നിര്‍ബന്ധം. രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, വ്യക്തികള്‍ എന്നിവ ടെലിവിഷന്‍ ചാനലുകളിലോ കേബിള്‍ നെറ്റ്വര്‍ക്കുകളിലോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യം നല്‍കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് മുന്‍കൂറായി അനുമതി വാങ്ങേണ്ടതാണ്. രാഷ്ട്രീയ പരസ്യങ്ങളുടെ മുന്‍കൂര്‍ അനുമതി നല്‍കല്‍ (പ്രീസര്‍ട്ടിഫിക്കേഷന്‍), പെയ്ഡ് ന്യൂസിന്റെ പരിശോധനകള്‍, നടപടികള്‍, വ്യാജവാര്‍ത്തകള്‍, വിദ്വേഷ വാര്‍ത്തകള്‍ തുടങ്ങിയ മാധ്യമങ്ങളുടെ നിയമലംഘനങ്ങളുടെ പരിശോധനകള്‍ എന്നിവയാണ് എംസിഎംസിയുടെ കടമയും ഉത്തരവാദിത്തവും. ഇലക്ട്രോണിക് മീഡിയയിലെ രാഷ്ട്രീയ പരസ്യങ്ങള്‍ നിരീക്ഷിച്ച് സമിതിയുടെ സര്‍ട്ടിഫിക്കേഷനോടെ മാത്രമാണ് ഇവ പ്രക്ഷേപണം ചെയ്യുന്നത് എന്ന് ഉറപ്പുവരുത്തുന്നതും സമിതിയുടെ പ്രധാന ചുമതലയാണ്.

പ്രീ സര്‍ട്ടിഫിക്കേഷന്‍ ആര്‍ക്കാണ് ബാധകം:

രാഷ്ട്രീയ പരസ്യങ്ങള്‍ ടെലിവിഷന്‍, കേബിള്‍ നെറ്റ്വര്‍ക്ക്/കേബിള്‍ ചാനലുകള്‍, സ്വകാര്യ എഫ് എം ചാനലുകള്‍ ഉള്‍പ്പെടെ റേഡിയോ എന്നിവയില്‍ ടെലികാസ്റ്റ്/ബ്രോഡ്കാസ്റ്റ് ചെയ്യാനും സിനിമാ ഹാളുകളില്‍ വര്‍ഷം മുഴുവന്‍ പ്രദര്‍ശിപ്പിക്കാനും പൊതുസ്ഥലങ്ങളില്‍ ഓഡിയോ വിഷ്വല്‍ ഡിസ്പ്ലേ നടത്താനും ഇ-ന്യൂസ് പേപ്പറുകളില്‍ നല്‍കാനും ബള്‍ക്ക് എസ്എംഎസ്/വോയ്സ് മെസേജ് നല്‍കാനും സാമൂഹിക മാധ്യമങ്ങള്‍, ഇന്‍ര്‍നെറ്റ് വെബ്സൈറ്റുകള്‍ എന്നിവയില്‍ നല്‍കാനും എംസിഎംസിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. ഇത് കൂടാതെ അച്ചടി മാധ്യമങ്ങളില്‍ വോട്ടെടുപ്പ് ദിവസമോ അതിന് തൊട്ടു മുമ്പത്തെ ദിവസമോ നല്‍കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍/ഏതെങ്കിലും ഗ്രൂപ്പുകള്‍/സംഘടന /അസോസിയേഷന്‍/സ്ഥാനാര്‍ഥി/ വ്യക്തികള്‍ എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്.
സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ നിര്‍ദേശങ്ങള്‍, കമ്മീഷന്റെ ഉത്തരവുകള്‍ എന്നിവ പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്. കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക്സ് (റെഗുലേഷന്‍) ആക്ട് 1995, കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് റൂള്‍സ് 1994 എന്നിവയിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതു സംബന്ധിച്ച് സുപ്രീംകോടതി പരാമര്‍ശിച്ചിട്ടുണ്ട്.

രാഷ്ട്രീയ പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷന് അപേക്ഷിക്കേണ്ട വിധം:

ഇലക്ട്രോണിക് മീഡിയയില്‍ രാഷ്ട്രീയ പരസ്യം നല്‍കാന്‍ മുന്‍കൂര്‍ അനുമതിക്കുള്ള അപേക്ഷയോടൊപ്പം നിര്‍ദിഷ്ട പരസ്യത്തിന്റെ രണ്ട് ഇലക്ട്രോണിക് പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. പരസ്യത്തിന്റെ സാക്ഷ്യപ്പെടുത്തിയ ഉള്ളടക്കം (ട്രാന്‍സ്‌ക്രിപ്റ്റ്) ഉള്‍പ്പെടുത്തണം. പരസ്യത്തിന്റെ ഏതെങ്കിലും ഭാഗം നീക്കം ചെയ്യാനോ മാറ്റം വരുത്താനോ നിര്‍ദേശം നല്‍കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. പരിശോധനയ്ക്ക് ശേഷം കമ്മിറ്റിയുടെ നിര്‍ദേശം ലഭിച്ച് 24 മണിക്കൂറിനകം നിര്‍ദിഷ്ട മാറ്റങ്ങള്‍ വരുത്തേണ്ടതാണ്. മാറ്റങ്ങള്‍ വരുത്തിയ പരസ്യം വീണ്ടും പരിശോധനയ്ക്കും അനുമതിക്കുമായി സമര്‍പ്പിക്കണം. സമിതി വീണ്ടും പരിശോധിച്ച്, പരസ്യം മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണെന്ന് ബോധ്യപ്പെട്ടാല്‍ പ്രക്ഷേപണ യോഗ്യമാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണ്.

അച്ചടി മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍

ഒരു തരത്തിലുള്ള രാഷ്ട്രീയ പരസ്യങ്ങളും  തിരഞ്ഞെടുപ്പ് ദിവസവും അതിന്റെ തലേദിവസവും സംസ്ഥാന/ജില്ലാ എം സി എം സികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ (പ്രീ സര്‍ട്ടിക്കേഷന്‍) പ്രസിദ്ധീകരിക്കരുത്.

അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ലഭിക്കാന്‍ പരസ്യം പ്രസിദ്ധീകരിക്കേണ്ട തീയ്യതിയുടെ രണ്ട് ദിവസം മുമ്പ് എം സി എം സിയില്‍ അപേക്ഷ നല്‍കണം.

Share This Article
error: Content is protected !!