കണ്ണൂര്‍: നിസാര ആരോപണം ഉന്നയിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത ഇ ഡി ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനായ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ പോലും തയ്യാറാകാത്തത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തര്‍ധാരയാണെന്ന് മുന്‍ കെ പിസിസി പ്രസിഡന്റ് വി എം സുധീരന്‍. യു.ഡി.എഫ് കണ്ണൂര്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കണ്ണോത്തുംചാലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ഒരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ മുഖ്യമന്ത്രിയായ കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി കിരാതമാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ അക്കൗണ്ട് പോലും മരവിപ്പിച്ചിരിക്കുകയാണ്. ഏത് വിധേനയും പ്രതിപക്ഷ പ്രവര്‍ത്തനം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും സുധീരന്‍ പറഞ്ഞു.
നിയോജകമണ്ഡലം ചെയര്‍മാന്‍ പ,സി. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ പ്രമോദ് സ്വാഗതം പറഞ്ഞു. ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, കെപിസിസി മെമ്പര്‍ അഡ്വ. ടി ഒ മോഹനന്‍, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍കരീം ചേലേരി, നേതാക്കളായ സുരേഷ്ബാബു എളയാവൂര്‍, റഷീദ് കവ്വായി, വി വി പുരുഷോത്തമന്‍, മാധവന്‍ മാസ്റ്റര്‍, ശ്രീജ മഠത്തില്‍, ഡോ.ജോസ് ജോര്‍ജ് പ്ലാന്തോട്ടം, രാഹുല്‍ കായക്കൂല്‍, ലക്ഷ്മണന്‍ തുണ്ടിക്കോത്ത്, മുണ്ടേരി ഗംഗാധരന്‍, എം മുഹമ്മദലി, വി.എം താജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.