കാര്യാംപറമ്പില്‍ വാഹനാപകടങ്ങള്‍ കൂടുന്നു: നടപടിയില്ലാതെ അധികൃതര്‍.

kpaonlinenewsമയ്യില്‍: തുടര്‍ച്ചയായി അപകടങ്ങളുണ്ടായിട്ടും അധികൃതരുടെ ശ്രദ്ധ പതിയാതെ കാര്യാം പറമ്പ് കവല. മയ്യില്‍- കാഞ്ഞിരോട് റോഡില്‍ കാര്യാംപറമ്പില്‍ നിന്ന് പൊറോളം ഭാഗത്തേക്ക് തിരിഞ്ഞു പോകുന്നിടത്താണ് സ്ഥിരമായി അപകട ഭീഷണിയുള്ളത്. കഴിഞ്ഞ ദിവസം മയ്യില്‍ നിന്ന് ചെറുവത്തലമൊട്ട ഭാഗത്തേക്ക് പോകുന്ന വാനും കടൂരില്‍ നിന്ന് പാവന്നൂര്‍ മൊട്ടയിലേക്ക് പോകുകയാരുന്ന ബൈക്കു തമ്മിലിടിച്ച് പൊവന്നൂരിലെ എം.വി. സഞ്ജയിന് പരിക്കേറ്റിരുന്നു. ആഴ്ചയില്‍ മിക്ക ദിവസങ്ങളിലും ചെറുതും വലുതുമായ സംഭവങ്ങളുണ്ടാകുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഭീതി വര്‍ധിച്ചിരിക്കയാണ്. മൂന്നു ഭാഗങ്ങളിലേക്ക് തിരിയുന്ന കവലയില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നേരത്തേ ആവശ്യമുയര്‍ന്നിരുന്നു. കഴിഞ്ഞ ആഴ്ച അര്‍ധരാത്രിയില്‍ രണ്ട് യുവാക്കള്‍ ഓടിച്ചെത്തിയ സ്‌കൂട്ടര്‍ ഇവിടെയുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു കയറിയിരുന്നു. സംഭവത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകരുകയും ചെയ്തിരുന്നു. സാരമായ പരിക്കേറ്റ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചിരുന്നത്.

അപകടങ്ങള്‍ക്കിടയാക്കുന്നത്

നിരന്തോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പൊറോളത്തേക്ക് തിരിഞ്ഞു പോകുന്നതിനിടയില്‍ മയ്യില്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍ പ്പെടുകയില്ല. വേഗതയില്‍ വരുന്ന വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനിടയില്‍ അപകടങ്ങളുണ്ടാകുകയാണ് ചെയ്യുന്നത്. വേഗതാ നിയന്ത്രണ സംവിധാനങ്ങളോ, ദര്‍പ്പണങ്ങളോ സ്ഥാപിച്ച് അപകടങ്ങള്‍ കുറക്കാനാകുമെന്ന് കാണിച്ച് കാര്യാംപറമ്പ് കൂട്ടായ്മ പൊതുമരാമത്ത് വകുപ്പിന് കത്തയച്ചിരുന്നു. എന്നാല്‍ അപകടങ്ങള്‍ ദിനം തോറും വര്‍ധിച്ചിട്ടും നടപടികളൊന്നുമില്ലാത്തതിനാല്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Share This Article
error: Content is protected !!