ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി നിയമം അറബിക്കടലിലേക്ക് വലിച്ചെറിയും; കെ സുധാകരന്‍

kpaonlinenews

കണ്ണൂര്‍: ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജീവനുള്ള കാലത്തോളം ഈ നിയമം നടപ്പിലാക്കാന്‍ അനുവദിക്കരുതെന്നും മനുഷ്യനെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന നിയമമാണെന്നും സുധാകരന്‍ പറഞ്ഞു.

സിഎഎ വിജ്ഞാപനം ഇലക്ട്രല്‍ ബോണ്ടില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നടപടിയെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതാവ് ജയറാം രമേശ് വിമര്‍ശിച്ചത്. കേന്ദ്രം ലക്ഷ്യമിടുന്നത് വര്‍ഗീയ ധ്രുവീകരണമാണ്. 2019ല്‍ പാര്‍ലമെന്റ് പാസാക്കിയ സിഎഎ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാന്‍ മോദി സര്‍ക്കാര്‍ നാല് വര്‍ഷവും മൂന്ന് മാസവും എടുത്തു എന്നും ജയറാം രമേശ് പറഞ്ഞു.

സിഎഎ നിയമങ്ങള്‍ വിജ്ഞാപനം ചെയ്യാന്‍ എടുത്ത സമയം പ്രധാനമന്ത്രിയുടെ നഗ്നമായ നുണകളുടെ നേര്‍സാക്ഷ്യമാണ്. തിരഞ്ഞെടുപ്പിന് മുമ്പുള്ള തീരുമാനം തിരഞ്ഞെടുപ്പുകളെ ധ്രുവീകരിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. പ്രത്യേകിച്ച് പശ്ചിമ ബംഗാളിലും അസമിലും, ഇലക്ടറല്‍ ബോണ്ട് കുംഭകോണത്തില്‍ സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശങ്ങള്‍ക്ക് ശേഷമുള്ള പ്രതിസന്ധികളെ കൈകാര്യം ചെയ്യാനുള്ള ശ്രമമായി ഇതിനെ കാണണമെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി നിയമ ചട്ടങ്ങളില്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ജയറാം രമേശിന്റെ വിമര്‍ശനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം പുറത്തിറക്കിയത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ ഉടന്‍ സ്വീകരിച്ചു തുടങ്ങും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയമം നടപ്പിലാക്കുമെന്ന് നേരത്തെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ സൂചിപ്പിച്ചിരുന്നു. 2019ലാണ് പൗരത്വഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയത്. നേരത്തെ പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

Share This Article
error: Content is protected !!