ഭരണകക്ഷിയുടെ ഗൂഢതാല്‍പര്യങ്ങള്‍ക്ക് എസ്.ബി.ഐ കൂട്ടുനില്‍ക്കുന്നു: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

kpaonlinenews

കണ്ണൂര്‍: രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ നിഗൂഢമായ താല്‍പര്യങ്ങള്‍ക്ക് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ കൂട്ടുനില്‍ക്കുന്നത് അവരുടെ വിശ്വാസ്യത തകര്‍ത്തിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.
ഇലക്ടറല്‍ ബോണ്ട് ഇടപാടില്‍ എസ്ബിഐ കള്ളക്കളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്ബിഐ കണ്ണൂര്‍ ആസ്ഥാനത്തിനു മുന്‍പില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപിക്ക് കിട്ടിയ 6500 കോടി എന്തു ചെയ്‌തെന്ന ചോദ്യത്തിന് ഇനിയും ഉത്തരം ലഭിക്കാനുണ്ട്. ഇടപാടുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ട എസ്.ബി.ഐ അതിനു തയ്യാറാകാതെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ സാവകാശം തേടിയതിനു പിന്നില്‍ ബിജെപി നേതൃത്വത്തിന്റെ താല്‍പര്യങ്ങളാണ്. കോടതിയുടെ നിര്‍ദേശം പോലും എസ്.ബി.ഐ അനുസരിക്കാതെ ബിജെപിയുമായി എസ്.ബി.ഐ അധികാരികള്‍ ഒത്തുകളിക്കുകയാണ്. ഇലക്ടറല്‍ ബോണ്ട് വഴി കൈമാറ്റം ചെയ്യപ്പെട്ട പണത്തിന്റെ വിശദാംശങ്ങള്‍ എസ്ബിഐ പുറത്തുവിട്ടേ തീരൂ.
എസ്ബിഐ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്കൃത ബാങ്കാണ്. 48 കോടി അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ബാങ്കാണ് എസ്ബിഐ. കേവലം 22,217 ഇലക്ടറല്‍ ബോണ്ടുകളുടെ ഡാറ്റ ഒരു ക്ലിക്കില്‍ ലഭിക്കുമെന്നിരിക്കേ അതു നല്‍കാന്‍ അഞ്ച് മാസത്തെ സാവകാശം എസ്.ബി.ഐ തേടിയത് ആരെ രക്ഷിക്കാനാണെന്ന് ജനങ്ങള്‍ക്കറിയാം- അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.നേതാക്കളായ അഡ്വ .ടി ഒ മോഹനൻ ,കെ സി മുഹമ്മദ് ഫൈസൽ , രാജീവൻ എളയാവൂർ , വി വി പുരുഷോത്തമൻ ,അഡ്വ റഷീദ് കവ്വായി , കെ സി ഗണേശൻ ,ബാലകൃഷ്ണൻ മാസ്റ്റർ , ടി ജനാർദ്ദനൻ , സി വി സന്തോഷ് ,അജിത്ത് മാട്ടൂൽ ,കൂക്കിരി രാജേഷ് ,സി എം ഗോപിനാഥൻ ,കല്ലിക്കോടൻ രാഗേഷ് തുടങ്ങിയവർ പങ്കെടുത്തു .

Share This Article
error: Content is protected !!