ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എം.-ബി.ജെ.പി. വോട്ടുകച്ചവടം -കെ.എം. ഷാജി

kpaonlinenews

ശ്രീകണ്ഠപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് ജനങ്ങൾ ജാഗ്രതയോടെ കാണണമെന്നും തൃശ്ശൂരിലടക്കം സി.പി.എം.-ബി.ജെ.പി. വോട്ടുകച്ചവടം ഉറപ്പാക്കിയെന്നും മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജി. ശ്രീകണ്ഠപുരത്ത് മുസ്‍ലിം ലീഗ് നഗരസഭാ കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഊരും പേരും അറിയാത്തവരെയടക്കം ഇരുമുന്നണികളും ഇത്തവണ സ്ഥാനാർഥികളാക്കിയിട്ടുണ്ട്. വോട്ട്‌ കച്ചവടത്തിനുള്ള കൂട്ടുകെട്ടാണിത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസ് ഒതുക്കുകയാണ് ലക്ഷ്യം. പെൻഷൻ കൊണ്ട് മകൾ കമ്പനി തുടങ്ങിയതെന്ന് മുഖ്യമന്ത്രി പറയുന്നത്. ഇതെന്ത് പെൻഷനാണെന്നറിയില്ല. സിദ്ധാർഥിന്റെ മരണം വെറുമൊരു ആത്മഹത്യയാക്കി മാറ്റാൻ സി.പി.എം. ശ്രമിക്കുകയാണ്. അരാജകത്വം പതിവാക്കിയ എസ്.എഫ്.ഐ.യിലേക്ക് മക്കളെ വിടാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. കുഞ്ഞനന്തൻ വിഷയത്തിൽ താൻ പറഞ്ഞതിൽ പരാതിയുണ്ടെങ്കിൽ കേസ് കൊടുക്കാൻ സി.പി.എം. സംസ്ഥാന സെക്രട്ടറി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.


നഗരസഭാ സെക്രട്ടറി എൻ.പി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. എസ്. മുഹമ്മദ്, ടി.എൻ.എ. ഖാദർ, പി.ടി.എ. കോയ, ഒ.വി. ഹുസൈൻ, കെ. സലാഹുദ്ദീൻ, യു.പി. അബ്ദുറഹ്മാൻ, പി. ഹനീഫ്, ഇ.വി. രാമകൃഷ്ണൻ, ഡോ. കെ.വി ഫിലോമിന തുടങ്ങിയവർ സംസാരിച്ചു.

Share This Article
error: Content is protected !!