കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിദേശ കറൻസി പിടികൂടി. കണ്ണൂരിൽ നിന്ന് ഷാർജയിലേക്ക് പോകേണ്ടിയിരുന്ന ഐഎക്‌സ് 743 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കോഴിക്കോട് ചേരാപുരം വടകരയിലെ അബ്ദുൾ നാസർ മണത്തലയിൽ നിന്നാണ് വിദേശ കറൻസി പിടികൂടിയത്. 32 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറൻസി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാളുടെ കാർട്ടൺ ബോക്‌സിനുള്ളിൽ സൂക്ഷിച്ചിരുന്ന ജീൻസ് പാൻ്റിൻ്റെ പോക്കറ്റിലും ബാക്ക്‌പാക്കിൻ്റെ വിവിധ ഭാഗങ്ങളിലുമാണ് വിദേശ കറൻസി ഒളിപ്പിച്ചിരുന്നത്. 20,000 യുഎസ് ഡോളർ, യുഎഇ ദിർഹം 65115, ഖത്തർ റിയാൽ എന്നിവ അടങ്ങുന്നതാണ് വിദേശ കറൻസി. കൂടുതൽ അന്വേഷണം നടക്കുന്നതായി കസ്റ്റംസ് പറഞ്ഞു. കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മീഷണർ വി.പി.ബേബി, സൂപ്രണ്ടുമാരായ ഉണ്ണികൃഷ്ണൻ, സുമിത് കുമാർ, ആശിഷ് കുമാർ, ഇൻസ്‌പെക്ടർമാരായ രാധാകൃഷ്ണൻ, ഷെമ്മി ജോസ്, രവിചന്ദ്ര, ഹവിൽദാർ വത്സല, ബോബിൻ, സഹായികളായ അക്ഷയ്, സീമ എന്നിവരുടെ നേതൃത്വത്തിലാണ് വിദേശ കറൻസി പിടികൂടിയത്.