കണ്ണാടിപ്പറമ്പ് എൽപി സ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന സഹവാസ ക്യാമ്പിനോട് അനുബന്ധിച്ചു നടത്തിയ “പാട്ടിൻ്റെ പാലാഴി” എന്ന പരിപാടി കുട്ടികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഗായകനും കഥാകാരനുമായ കെ വി ബിജുവിന്റെ നേതൃത്വത്തിൽ അജയൻ, ഹരിദാസൻ എന്നിവരാണ് സംഗീത പരിപാടി അവതരിപ്പിച്ചത്.
പുത്തൻ അടിപൊളി പാട്ടായ “നീലനിലവേ..” ആദ്യം തന്നെ പാടി കെവി ബിജു കുട്ടികളെ കൈയിലെടുത്തു.. പിന്നീട് ഹരിദാസൻ ആലപിച്ച “ഒപ്പനപ്പാട്ട്” കുട്ടികൾ കയ്യടിച്ച് സ്വീകരിച്ചു. വിജയ് അഭിനയിച്ച സിനിമാപാട്ട് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ കെവി ബിജു “മേഘമായി വന്ത് പോകിറേൻ” എന്ന പാട്ട് തകർത്തു പാടുകയും കുട്ടികൾ ഡാൻസ് കളിക്കാൻ തുടങ്ങുകയും ചെയ്തു. പിന്നീട് “ആരാരും മനസ്സിൽ..” എന്ന പാട്ടുമായി അജയൻ എല്ലാവരെയും ആനന്ദിപ്പിച്ചു.
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും എല്ലാം ഒന്നടങ്കം കൈയ്യടിച്ച് ആടുകയും പാടുകയും ചെയ്ത ഗാനമായിരുന്നു കെവി ബിജു തുടർന്ന് പാടിയ “കൈകൊട്ട് പെണ്ണേ കൈകൊട്ട് പെണ്ണേ..” അതോടെ സഹവാസ ക്യാമ്പിലെ ആഹ്ലാദ നിമിഷങ്ങൾ അതിൻ്റെ പാരമ്യത്തിൽ എത്തി. “സിന്ദൂര തിലകവുമായി..” എന്ന അജയൻ്റെ അടിപൊളി പാട്ടിനും എല്ലാവരും നൃത്തച്ചുവടുകൾ വച്ചു. പിന്നെയും മൂന്ന് നാല് പാട്ടുകൾ ഗായകർ മാറിമാറി ആലപിച്ചു. എല്ലാവരും ഒന്നുചേർന്ന് ആടുകയും പാടുകയും ചെയ്ത ചെയിൻ സോംഗോടു കൂടി ഒരു മണിക്കൂറിലധികം കുട്ടികളിലും അധ്യാപകരിലും രക്ഷിതാക്കളിലും വിനോദത്തിന്റെ ആഹ്ലാദത്തിന്റെ നിമിഷങ്ങൾ നിറഞ്ഞ “പാട്ടിൻ്റെ പാലാഴി”ക്ക് വിരാമമായി.
ഹെഡ് ടീച്ചർ ശോഭ നന്ദി പ്രകാശിപ്പിച്ചു. സ്കൂൾ വാർഷിക ദിനമായ മാർച്ച് ഏഴിന് കാണാമെന്ന് പറഞ്ഞ് എല്ലാവരും പിരിഞ്ഞു.