സമരാഗ്നി:ജനകീയ പ്രക്ഷോഭയാത്ര ഇന്ന് ജില്ലയില്‍,കണ്ണൂരിലെ മഹാ സമ്മേളനം ദീപാദാസ് മുൻഷി ഉദ്ഘാടനം ചെയ്യും

kpaonlinenews

കണ്ണൂര്‍: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്നു കാണിച്ചു കൊണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭ യാത്ര ഇന്ന് (ശനിയാഴ്ച) ജില്ലയിൽ പര്യടനം നടത്തും. ഇന്നു വൈകുന്നേരം കലക്ട്രേറ്റ് മൈതാനിയിൽ നടക്കുന്ന മഹാ സമ്മേളനം കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉദ്ഘാടനം ചെയ്യും. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തിൽ കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റേയും പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് അറിയിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കരിവെള്ളൂര്‍ ആണൂരില്‍ ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ സമരാഗ്നി ജാഥയെ സ്വീകരിക്കും. പയ്യന്നൂര്‍, തളിപ്പറമ്പ്, ചിറവക്ക് വഴി ശ്രീകണ്ഠാപുരം, ഇരിക്കൂര്‍, മട്ടന്നൂര്‍ കോളേജ് വഴി മട്ടന്നൂര്‍ ടൗണിലേക്ക് പ്രക്ഷോഭയാത്ര നീങ്ങും. ജില്ലയിലെ ആദ്യത്തെ മഹാസമ്മേളനം നടക്കുക മട്ടന്നൂര്‍ ടൗണിലാണ്. മട്ടന്നൂര്‍ സര്‍ക്കിളില്‍ നിന്ന് യാത്രയെ സ്വീകരിച്ചാനയിക്കും മട്ടന്നൂരില്‍ പൊതുയോഗത്തിനു ശേഷമാണ് യാത്ര കണ്ണൂര്‍ ടൗണിലേക്ക് നീങ്ങുക. വൈകുന്നേരം കാല്‍ടെക്‌സില്‍ നിന്നുമാരംഭിക്കുന്ന സ്വീകരണറാലി പൊതുസമ്മേളനം നടക്കുന്ന കലക്ട്രേറ്റ് മൈതാനിയില്‍ എത്തിച്ചേരും. 11 ന് രാവിലെ 9.30ന് കണ്ണൂര്‍ പയ്യാമ്പലത്തെ ഹോട്ടല്‍ പാംഗ്രൂവില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും പങ്കെടുക്കുന്ന ജനകീയ ചര്‍ച്ചാസദസ് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് നേതാക്കള്‍ മാധ്യമങ്ങളെ കാണും.

Share This Article
error: Content is protected !!