കണ്ണൂര്‍: മാവേലി സങ്കല്പത്തെ തന്നെ അപമാനിക്കുന്ന തരത്തില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന സ്ഥാപനം മാവേലി സ്റ്റോറെന്ന പേരില്‍ തുടരുന്നത് അവസാനിപ്പിക്കാനുള്ള മര്യാദ സര്‍ക്കാരും സിവില്‍ സപ്ലൈസ് കോര്‍പറേഷനും കാണിക്കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. കുറഞ്ഞ വരുമാനക്കാര്‍ക്ക് ആശ്വാസം ലഭിക്കുന്ന വിധത്തില്‍ മിതമായ വിലയ്ക്ക് അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തിരുന്ന സ്ഥാപനത്തെയാണ് ഇടതു സര്‍ക്കാര്‍ വിപരീത സ്ഥിതിയിലേക്ക് മാറ്റിയിരിക്കുന്നതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. സപ്‌ളൈ ഓഫീസിലേക്ക് കാലികലങ്ങളുമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്ലൈകോ ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണ്. അവശ്യസാധനങ്ങള്‍ ഇല്ലാത്തതിനെതുടര്‍ന്ന് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലുമൊക്കെ വില്‍പ്പന വന്‍തോതില്‍ കുറഞ്ഞിരിക്കുന്നു. അരി അടക്കമുള്ള സബ്സിഡി സാധനങ്ങള്‍ ഇല്ലാതായിട്ട് എത്രയോ മാസങ്ങളായി. ഉള്ള സാധനങ്ങള്‍ക്കാകട്ടെ പൊതുവിപണിയിലും കൂടുതല്‍ വില ഈടാക്കുന്നു. പൊതുവിപണിയെക്കാളും കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ വിതരണം ചെയ്തിരുന്ന നിത്യോപയോഗ സാധനങ്ങള്‍ ഒന്നും ഇപ്പോള്‍ കിട്ടാനില്ല. വിവിധയിനം അരിയും പയര്‍ വര്‍ഗങ്ങളും മുളകും പഞ്ചസാരയും വെളിച്ചെണ്ണയുമൊക്കെ സബ്സിഡി നിരക്കില്‍ ലഭിച്ചിരുന്നത് സാധാരണക്കാരുടെ അടുക്കള ബജറ്റ് താളംതെറ്റാതിരിക്കാന്‍ സഹായിച്ചിരുന്നു. എന്നാല്‍ ഇവയില്‍ പലതും ഇപ്പോള്‍ മാവേലി സ്റ്റോറുകളില്‍നിന്നും മറ്റും അപ്രത്യക്ഷമായിരിക്കുകയാണ്. പഞ്ചസാര വിതരണം നിലച്ചിട്ട് മാസങ്ങളായി.
ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ ജനജീവിതം ദുസ്സഹമാകുന്നതിന്റെ നേര്‍ക്കാഴ്ചകളിലൊന്നാണ് സപ്ലൈകോ മാര്‍ക്കറ്റുകളുടെ പരിതാപകരമായ അവസ്ഥയെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു .നേതാക്കളായ രജനി രമാനന്ദ്, ഡിസിസി ജനറൽ സെക്രട്ടറി രജിത് നാറാത്ത്, കെ പി സി സി മെമ്പർ മുഹമ്മദ് ബ്ളാത്തൂർ,, മഹിളാകോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ടി സി പ്രിയ, നസീമ ഖാദർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്മാരായ ഷർമിള എ, ലത എം വി, വസന്ത കെ പി, കുഞ്ഞമ്മ തോമസ്,ഉഷ അരവിന്ദ്, ചഞ്ചലാക്ഷി, ഉഷാകുമാരി മറ്റു ജില്ല , ബ്ളോക് ഭാരവാഹികൾ പങ്കെടുത്തു