രാജ്യ സ്വാതന്ത്ര്യവും മതേതരത്വവും പ്രാണവായു പോലെ സംരക്ഷിക്കണം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

kpaonlinenews

കണ്ണൂർ:,രാജ്യത്തിൻ്റെ സ്വാതന്ത്ര്യവും മതേതരത്വവും പരമാധികാരവും പ്രാണവായു പോലെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോരുത്തർക്കുമുണ്ടെന്ന് രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. എഴുപത്തിയഞ്ചാം റിപബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി പൊലീസ് മൈതാനത്ത് നടന്ന പരേഡിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
അഹിംസയിലൂന്നിയെ ഐതിഹാസികമായ സ്വാതന്ത്ര്യ സമരത്തിൻ്റെ അനർഘസാക്ഷ്യമാണ് റിപബ്ലിക്ക് ദിനം. രാജ്യം സ്വതന്ത്ര പരമാധികാര മതേതര റിപബ്ലിക്ക് ആയി മാറിയ ദിവസം. മഹാത്മഗാന്ധിയും ജവഹർലാൽ നെഹ്റുവും ഉൾപ്പെടെയുള്ള നിരവധി നേതാക്കളുടെയും അനവധിയായ രക്തസാക്ഷികളുടെയും ത്യാഗനിർഭരമായ സമർപ്പണത്തിൻ്റെ ഫലം. അത്തരം ചരിത്ര സന്ദർഭങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഇന്ന് അവിടെയും ഇവിടെയും കാണുന്നു. അതിനെ പ്രതിരോധിക്കേണ്ടതുണ്ട്. ചരിത്രം മാറ്റിയെഴുതാനും ചരിത്ര നായകരെ ഇല്ലാതാക്കാനോ സാധ്യമല്ല. രാജ്യത്തിൻ്റെ മതേതര ജനാധിപത്യ പരമാധികാര ഐക്യം സംരക്ഷിക്കപ്പെടണം. ഇതിന് പുതുതലമുറയിൽ ദേശാഭിമാനം ഉണരണം. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ 33 പ്ലാറ്റൂണുകള്‍ അണിനിരന്നു. പൊലീസ്, എക്സൈസ്, എന്‍.സി.സി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് , എസ് പി സി , ജൂനിയര്‍ റെഡ് ക്രോസ് എന്നീ വിഭാഗങ്ങള്‍ പരേഡില്‍ അണിനിരന്നു. മുഴക്കുന്ന് സർക്കിൾ ഇൻസ്പെക്ടർ എ സന്തോഷ് കുമാർ പരേഡ് നയിച്ചു. ഡി എസ് സി ബാൻ്റ് ട്രൂപ്പ് , ആർമി പബ്ലിക് സ്കൂൾ ബാൻ്റ് ട്രൂപ്പ്, കണമ്പൂർ എച്ച്എ എസ് എസ് എസ്പി സി ബാൻ്റ് ട്രൂപ്പ് എന്നിവർ അകമ്പടിയായി. മട്ടന്നൂർ പഴശിരാജാ ബഡ്സ് സ്കൂളിലെ കുട്ടികളുടെ ബാൻ്റ് ട്രൂപ്പും മന്ത്രിയെ അഭിവാദ്യം ചെയ്തു.
മികച്ച പരേഡിനും പരേഡ് നയിച്ചവർക്കുമുളള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു.വിവിധ വകുപ്പുകളുടെ പ്ലോട്ടുകളും ഉണ്ടായിരുന്നു. ജില്ലയിലെ സംഗീതാധ്യാപകർ ആലപിച്ച ദേശഭക്തി ഗാനവും വിവിധ കലാപരിപാടികളും അരങ്ങേറി.

കെ.വി.സുമേഷ് എം.എൽ.എ, മേയർ മുസ് ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യ ,ഡെപ്യൂട്ടി മേയർ കെ ഷബീന, പത്മശ്രീ എസ് .ആർ.ഡി. പ്രസാദ് , ജില്ലാ കളക്ടർ അരുൺ കെ.വിജയൻ, സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ, റൂറൽ പോലീസ് മേധാവി എം ഹേമലത, സബ്കലക്ടർ സന്ദീപ് കുമാർ, അസി. കലക്ടർ അനൂപ് ഗാർഗ്, ഡി എഫ് ഒ പി കാർത്തിക്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Share This Article
error: Content is protected !!