കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി. കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവിന്‍റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. ഇന്ന് രാവിലെ 4.40ന് ട്രെയിന്‍ പുറപ്പെടാനായി പ്ലാറ്റ്ഫോമിലേക്ക് എത്തിക്കുമ്പോഴാണ് അപകടമുണ്ടായത്. ഇതേതുടര്‍ന്ന് ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് കണ്ണൂരില്‍നിന്ന് പുറപ്പെട്ടത്. ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിനിടെ ട്രെയിന്‍റെ ഏറ്റവും പിന്നിലായുള്ള രണ്ടു ബോഗികളാണ് പാളം തെറ്റിയത്. അപകടം നടക്കുമ്പോള്‍ യാത്രക്കാരുണ്ടായിരുന്നില്ല.
ഇതിനാല്‍ തന്നെ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ബോഗികള്‍ പാളം തെറ്റിയപ്പോള്‍ സിഗ്നല്‍ ബോക്സ് ഉള്‍പ്പെടെ തകര്‍ന്നു. പ്രധാന പാതയ്ക്ക് സമാന്തരമായുള്ള പാളത്തിലാണ് സംഭവം നടന്നത്. അതിനാല്‍ തന്നെ ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചിട്ടില്ല. ഈ രണ്ട് ബോഗികളും വേര്‍പ്പെടുത്തിയശേഷമാണ് ട്രെയിന്‍ യാത്ര ആരംഭിച്ചത്. ബോഗികള്‍ മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ട്രെയിന്‍ പാളം തെറ്റിയ സംഭവത്തെക്കുറിച്ചുള്ള കാരണം പരിശോധിച്ചുവരുകയാണെന്ന് റെയില്‍വെ അറിയിച്ചു.