പൊന്നമ്പല മേട്ടിൽ മകര ജ്യോതി തെളിഞ്ഞു: ശരണമന്ത്രങ്ങളാൽ മുഖരിതമായി ശബരിമല

kpaonlinenews

ശബരിമല: പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. വൈകിട്ട് 6.46ഓടെ ശരണം വിളികളോടെ കൈകള്‍ കൂപ്പി പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരജ്യോതി ദര്‍ശിച്ച് സായുജ്യമടഞ്ഞു. ഒരേയൊരു മനസ്സോടെ ശരണം വിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശനപുണ്യം നേടിയ സംതൃപ്തിയോടെ ഇനി മലയിറങ്ങുക. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരിമല സന്നിധാനവും വ്യൂ പോയൻറുകളും തീര്‍ത്ഥാടകരാല്‍ നിറഞ്ഞിരുന്നു. ഇന്ന് പുലര്‍ച്ചെ 2.30ന് മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്‍ക്ക് തുടക്കമായത്. വൈകിട്ട് 6.20ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. തുടര്‍ന്ന് 6.30 ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി. തുടര്‍ന്ന് സന്നിധാനത്തെ ശ്രീകോവിലിൽ സർവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന. നട തുറന്നതിന് തൊട്ടു പുറകെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞപ്പോള്‍ സന്നിധാനത്തുനിന്നും ശരണം വിളികള്‍ ഉയര്‍ന്നു മുഴങ്ങി.

മകരസംക്രമസന്ധ്യയില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ ഘോഷയാത്ര വൈകിട്ടോടെ ശരംകുത്തിയിലെത്തിയിരുന്നു. അവിടെനിന്ന് ദേവസ്വം പ്രതിനിധികള്‍ യാത്രയെ വാദ്യമേളങ്ങള്‍, വെളിച്ചപ്പാട് എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. കൊടിമരച്ചുവട്ടില്‍ വച്ച് ഘോഷയാത്രയെ സ്വീകരിച്ചു. സോപാനത്തില്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങിയ തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി. അതിനുപിന്നാലെയാണ് പൊന്നമ്പല മേട്ടില്‍ മകരവിളക്കു തെളിഞ്ഞത്. കനത്ത മൂടൽ മഞ്ഞിനെതുടര്‍ന്ന് പുല്ലുമേട്ടിൽ കാത്തു നിന്ന ഭക്തർക്ക് മകര ജ്യോതി കാണാൻ കഴിഞ്ഞില്ല. ആറായിരത്തിലധികം പേരാണ് പുല്ലുമേട്ടില്‍ മകരജ്യോതി ദര്‍ശിക്കാനായി എത്തിയിരുന്നത്.

മകരവിളക്കിന് മുന്നോടിയായി സന്നിധാനത്തെയും പരിസരത്തെയും ഒരുക്കങ്ങൾ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ വിലയിരുത്തിയിരുന്നു.സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഇന്ന് രാവിലെ 11:30 മുതൽ പമ്പയിൽ നിന്ന് ആരെയും കയറ്റി വിട്ടിട്ടില്ല. 40000 ആയി വെര്‍ച്വല്‍ ക്യൂ നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ദിവസങ്ങൾക്കു മുന്നേ സന്നിധാനത്ത് എത്തിയവർ പർണ്ണശാലകൾ കെട്ടി ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി തമ്പടിച്ചിരിക്കുകയാണ്. വിവിധ ദേശ, ഭാഷ, സംസ്കാരം, ഉള്ളവരുടെ ഒരു മനസ്സോടെയുള്ള കാത്തിരിപ്പാണ് മകരജ്യോതി ദര്‍ശനത്തോടെ പൂര്‍ണ്ണതയിലെത്തിയത്.

മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും വലിയ ഭക്തജനപ്രവാഹമാണ് അനുഭവപ്പെട്ടത്. നേരത്തെ സന്നിധാനത്ത് എത്തിയ ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയായിരുന്നു. മകരജ്യോതി ദര്‍ശനത്തോടെ ഭക്തര്‍ ഇനി മലയിറങ്ങി തുടങ്ങും.ഒന്നര ലക്ഷത്തിൽ അധികം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് എത്തിയെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമെ മറ്റിടങ്ങളിലും പതിനായിരകണക്കിനുപേരാണ് മകരവിളക്ക് ദര്‍ശിച്ചത്. മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

മകരജ്യോതി ദർശിക്കാൻ 10 വ്യൂ പോയിന്റുകളാണാണ് ഒരുക്കിയിരുന്നത്.മകരവിളക്ക് ദർശനത്തിന് ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന പുല്ലുമേട്ടിലും പതിനായിരങ്ങള്‍ മകരജ്യോതി ദര്‍ശിച്ചു. പുല്ലുമേടിന് പുറമെ പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. എട്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 1400 പോലീസുകാരെ ജില്ലയിൽ വിവിധ ഭാഗത്ത് സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. പുല്ലുമേട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഡ്രോൺ നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. സത്രം, കാനന പാത, വള്ളക്കടവ് ചെക്ക്പോസ്റ്റ് എന്നിവിടങ്ങൾ വഴി പുല്ലുമേട്ടിലേക്ക് ഉച്ചയ്ക്ക് 2 വരെയാണ് മാത്രമേ ആളുകളെ കടത്തി വിട്ടത്. ജനുവരി 19വരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം.

Share This Article
error: Content is protected !!