അഴീക്കോട് മണ്ഡലം ‘മഴവില്ല്’:
പ്രഥമാധ്യാപകര്‍ക്കുള്ള പരിശീലനം തുടങ്ങി

kpaonlinenews

അഴീക്കോട് മണ്ഡലത്തിലെ വിദ്യാലയങ്ങളെ അഞ്ചുവര്‍ഷം കൊണ്ട് ആധുനികവും സാങ്കേതികവുമായി വികസിപ്പിക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘മഴവില്ല്’ന്റെ ഭാഗമായി പ്രഥമാധ്യാപകര്‍ക്കുള്ള ത്രിദിന പരിശീലന പരിപാടിയായ ‘ഇവോള്‍വി’ന് തുടക്കമായി. വിദ്യാലയത്തിന്റെ ഭരണപരവും അക്കാദമിക പരവുമായ കാര്യങ്ങള്‍ ഏകോപിപ്പിച്ച് ജനാധിപത്യ വിദ്യാലയങ്ങളെ സൃഷ്ടിക്കുക, അക്കാദമിക ലീഡറായി പ്രഥമാധ്യാപകരെ ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യവുമായി വിദ്യാഭ്യാസ മാനേജ്മെന്റില്‍ സമഗ്രമായ പരിശീലനം നല്‍കുന്ന സീ-മാറ്റ് കേരളയുടെ നേതൃത്വത്തിലാണ് പരിശീലനം ആരംഭിച്ചത്. കണ്ണൂര്‍ ഫോക്ലോര്‍ അക്കാദമി ഹാളില്‍ നടക്കുന്ന പരിശീലനം കെ വി സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സീ-മാറ്റ് ഡയരക്ടര്‍ ഡോ. വി ടി സുനില്‍ മുഖ്യാതിഥിയായി. ലീഡര്‍ഷിപ്പ്, വിദ്യാലയ മാനേജ്മെന്റ്, സര്‍വ്വീസ് കാര്യങ്ങള്‍, വിദ്യാഭ്യാസത്തിന്റെ സാങ്കേതിക മേഖലകള്‍, വിദ്യാലയ വികസനം, മോണിറ്ററിംഗ്, കുട്ടികളുടെ പരിപാലനം എന്നീ വിഷയങ്ങളിലാണ് പരിശീലനം ആസൂത്രണം ചെയ്തിരിക്കുന്നത്. രാവിലെ 9.30മുതല്‍ വൈകിട്ട് 5.30വരെ നടക്കുന്ന പരിശീലന പരിപാടിയില്‍ ഏറ്റവും മികച്ച റിസോഴ്സ് പേഴ്സണ്‍മാരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സമാപന ദിവസമായ 17ന് ഉച്ചക്ക് ശേഷം കെ വി സുമേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ പാനല്‍ചര്‍ച്ചയും നടക്കും. മണ്ഡലത്തില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന നൂതന പദ്ധതികള്‍ക്ക് പാനല്‍ചര്‍ച്ച മുതല്‍കൂട്ടാകുമെന്ന് സീമാറ്റ് ഡയരക്ടര്‍ ഡോ. വി ടി സുനില്‍ പറഞ്ഞു. കൂടാതെ മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്കായി എല്‍ പി, യു പി സ്‌കൂളുകളിലെ പ്രഥമാധ്യാപകരില്‍ നിന്നു പുതിയ ആശയങ്ങളും തേടും. മണ്ഡലത്തിലെ ജനപ്രതിനിധികളടക്കം ചര്‍ച്ചയില്‍ പങ്കെടുക്കും. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി 72 സ്‌കൂളുകളാണ് മണ്ഡലത്തിലുള്ളത്. വിദ്യാഭ്യാസം, വിദ്യാലയം, പൊതുസമൂഹം, പാഠ്യപദ്ധതി എന്നിവയോട് പ്രതിബദ്ധതയുള്ള വിദ്യാലയ സമൂഹത്തെ സൃഷ്ടിക്കുകയാണ് മഴവില്ല് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സമഗ്ര വിദ്യാഭ്യാസ പദ്ധതി ചെയര്‍മാന്‍ കെ പി ജയപാലന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ അജീഷ്, പി ശ്രുതി, പി പി ഷമീമ, കെ രമേശന്‍, എഇഒ ഒ കെ ബിജിമോള്‍, കണ്ണൂര്‍ ഡയറ്റ് ലക്ച്ചര്‍ കെ ബീന, റിട്ട. എഇഒ കൃഷ്ണന്‍ കുറിയ എന്നിവര്‍ സംസാരിച്ചു. സീമാറ്റ് കേരള റിസര്‍ച്ച് ഓഫീസര്‍ എ എസ് ആനന്ദ് പദ്ധതി വിശദീകരിച്ചു. ആദ്യദിനം റിസോഴ്സ് പോഴ്സണ്‍മാരായ ബിജു സൈമണ്‍, സൈനുദ്ദീന്‍ പട്ടാമ്പി, സി പി പത്മരാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
error: Content is protected !!