കണ്ണൂർ സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ്റ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി.

kpaonlinenews

കണ്ണൂർ : കണ്ണൂർ സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ്റ് പദ്ധതിയുടെ ഭാഗമായി വളപട്ടണം മന്ന ജംഗ്ഷൻ മുതൽ ചാല ബൈപാസ് ജങ്ഷൻ വരെയുള്ള റോഡ് നിർമാണവുമായി ബന്ധപ്പെട്ട വിദഗ്ദ്ധ സമിതിയുടെ ശുപാർശയും, സർക്കാരിന്റെ അനുമതിയും, അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനവും ഹൈക്കോടതി അസാധുവാക്കി. ചിറക്കൽ, വളപട്ടണം പഞ്ചായത്തുകളിലെ പ്രതിനിധികളെ ഉൾപെടുത്താതെ രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശ പരിഗണിക്കാവുന്നതല്ലെന്നും, ആയതിനാൽ അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നൽകിയ അനുമതിയും, വിജ്ഞാപനവും നിലനിൽക്കുന്നതല്ല എന്നുമാണ് ഹൈകോടതി വിധി. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ 15-ാം വകുപ്പിൽ പരാതിക്കാരെ കേൾക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ നിയമത്തിലൂടെ വ്യക്തമാക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഭൂമി ഏറ്റെടുക്കൽ നടത്തുന്ന സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളെ വിദഗ്ദ്ധ സമിതിയിൽ ഉൾപ്പെടുത്തണമെന്ന് പറയുന്നത്, അതാത് പ്രദേശങ്ങളിലെ സാമൂഹിക സാഹചര്യത്തെക്കുറിച്ചു അവർക്ക് അവബോധമുള്ളതുകൊണ്ടാണ്. തൊട്ടടുത്തുള്ള കോർപ്പറേഷനിലെ പ്രതിനിധികളുണ്ട് എന്നുള്ളത് കൊണ്ട് പഞ്ചായത്തിന്റെ പ്രശ്നങ്ങൾ ശരിയായ രീതിയിൽ പരിഗണിക്കപ്പെട്ടു എന്ന് പറയാൻ സാധിക്കില്ല എന്ന് കോടതി നിരീക്ഷിച്ചു. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിയിലെ 15-ാം വകുപ്പ് പ്രകാരം പരാതിക്കാരെ കേട്ടു തീരുമാനമെടുക്കുക എന്ന് പറഞ്ഞാൽ, ഏറ്റെടുക്കുന്ന ഭൂമി പദ്ധതിക്ക് അനുയോജ്യമാണോ എന്ന കാര്യത്തിലും, പൊതു താൽപര്യവും നീതീകരിക്കാനാവുന്നതാണ് എന്ന കാര്യത്തിലും, സാമൂഹികാഘാത പഠനം ശരിയായ രീതിയിലാണോ എന്നും നീതിയുക്തമായ പരിഗണന ഉണ്ടാകണമെന്ന് തന്നെയാണ് അർത്ഥമാക്കുന്നത്. വിജ്ഞാപനത്തിന് മേൽ പരാതി നൽകാൻ 60 ദിവസം കൊടുക്കാൻ നിയമം അനുശാസിക്കുമ്പോൾ, ചട്ടങ്ങളിലൂടെയും, വിജ്ഞാപനങ്ങളിലൂടെയും അത് 15 ദിവസമായി വെട്ടി കുറക്കാൻ സർക്കാരിന് കഴിയില്ല. ശരിയായ രീതിയിലുള്ള നിയമനിർമ്മാണം നടത്തണമെന്ന് ഈ കോടതി നിർദേശം നൽകുന്നത് അനുചിതമാണെങ്കിലും, അത്തരം വിഷയങ്ങളിൽ നിയമ നിർമ്മാണത്തിൽ ശ്രദ്ധ പാലിക്കേണ്ടതുണ്ടെന്ന് കോടതി നിർദ്ദേശിച്ചു. വളപട്ടണം മന്ന ജംഗ്ഷൻ മുതൽ ചാല ബൈപാസ് ജങ്ഷൻ വരെയുള്ള സ്ഥലങ്ങളിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും നടത്തിവരുന്ന ചിറക്കൽ പുതിയതെരുവിലെ പി. എം അബ്ദുൽ മനാഫ് തുടങ്ങി 16 പേർ പുതിയതരു വ്യാപാരി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വ. പി. എ മുഹമ്മദ്‌ ഷാ മുഖാന്തിരം നൽകിയ റിട്ട് ഹരജിയിലാണ് ജസ്റ്റിസ് ടി. ആർ രവി ഉത്തരവിട്ടത്.

Share This Article
error: Content is protected !!