ദേശീയപാതയില്‍ കാറും സ്‌കൂടറും കൂട്ടിയിടിച്ച് സ്‌കൂടര്‍ യാത്രക്കാരായ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം; കാറിലുണ്ടായിരുന്ന 6 പേര്‍ക്കും വഴിയാത്രക്കാരനും ഗുരുതര പരുക്ക്

kpaonlinenews

പെരിയ: ദേശീയപാതയില്‍ കാറും സ്‌കൂടറും കൂട്ടിയിടിച്ച് സ്‌കൂടര്‍ യാത്രക്കാരായ രണ്ടുപേര്‍ തല്‍ക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്കും വഴിയാത്രക്കാരനും ഗുരുതരമായി പരുക്കേറ്റു. ചട്ടഞ്ചാല്‍ സ്വദേശിയും കര്‍ഷകനുമായ ഗോപാലകൃഷ്ണന്‍ (55), സഹോദരി ഭര്‍ത്താവും സിപിസിആര്‍ഐയിലെ മുൻ ജീവനക്കാരനുമായ പരനടുക്കത്തെ നാരായണന്‍ (62) എന്നിവരാണ് മരിച്ചത്. ഗോപാലകൃഷ്ണന്റെ മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രിയിലും നാരായണന്റെ മൃതദേഹം കാസര്‍കോട് കിംസ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

കാറിലുണ്ടായിരുന്ന ബദിയടുക്കയിലെ ശാഹിൻ (36), ഭാര്യ സഹല, ബന്ധുക്കളായ ശാഹിന, ശംനാസ്, ഫാത്വിമ, ബദിയടുക്കയിലെ മുന്‍ പഞ്ചായത് അംഗം അന്‍വറിന്റെ മകള്‍ ഹന ഫാത്വിമ (എട്ട്) എന്നിവരെ കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ വഴിയാത്രക്കാരനായ ഹംസയെ (65) കാസര്‍കോട് ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ മംഗ്‌ളൂറിലെ ആശുപത്രിയിലേക്ക് മാറ്റും. പാസ്‌പോര്‍ട് ആവശ്യത്തിനായി പയ്യന്നൂരിലേക്ക് പോകുകയായിരുന്നു ഫോര്‍ച്യൂണര്‍ കാറിലുണ്ടായിരുന്ന ബദിയഡുക്ക സ്വദേശികള്‍.ഓടിക്കൂടിയവരാണ് പരുക്കേറ്റവരെയെല്ലാം ആശുപത്രിയിലെത്തിച്ചത്. സ്‌കൂടറിലിടിച്ച കാര്‍ ദേശീയപാത നിര്‍മാണ സ്ഥലത്തെ കുഴിയിലേക്ക് മറിഞ്ഞു. ഗോപാലകൃഷ്ണന്റെ മകള്‍ ഡോക്ടറായി ജോലി ചെയ്തുവരികയാണ്. മകള്‍ക്ക് വിവാഹാലോചന നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് മരണം സംഭവിച്ചത്.

Share This Article
error: Content is protected !!