കണ്ണൂർ : മാരകായുധങ്ങളുമായി യുവാവിനെ വധിക്കാൻ ശ്രമം അഞ്ചു പേർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്.കണ്ണൂർ സിറ്റി അണ്ടത്തോട് സ്വദേശി ഫൈസലിൻ്റെ മകൻ നാലകത്ത് സനീമിൻ്റെ പരാതിയിലാണ് മുഹമ്മദ് റിയാസ്, പടന്ന റഷീദ്, സജാദ്, റിയാസ്,മുഹമ്മദ് അഷറഫ് എന്നിവർക്കെതിരെ സിറ്റി പോലീസ് വധശ്രമത്തിന് കേസെടുത്തത്.ഇക്കഴിഞ്ഞ ഡിസമ്പർ 9 ന് രാത്രി 11.30 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. സിറ്റി തയ്യിൽ അജ്മർ ഹോട്ടലിന് സമീപം വെച്ച് ലീഗ് പ്രവർത്തകർ ഒരുക്കി കൊണ്ടിരിക്കുകയായിരുന്ന തോരണങ്ങൾ ചവിട്ടിമെതിച്ച് കടന്നു പോയ വിരോധത്തിൽ പരാതിക്കാരനെ തടഞ്ഞ് വെച്ച് ചോദ്യം ചെയ്യുകയും ഇരുമ്പ് വടികൊണ്ടും മുളവടി കൊണ്ടും ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സാരമായി പരിക്കേറ്റിരുന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.