തളിപ്പറമ്പ്: ബിജെപി ഭരിക്കുന്ന രാജ്യത്ത് ഹാപ്പിനസ് അതിസമ്പന്നർക്കു മാത്രമായി ചുരുങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഗോള പട്ടിണി സൂചികയിൽ 2013ൽ രാജ്യം അന്പത്തിയഞ്ചാം സ്ഥാനത്തായിരുന്നു. എന്നാൽ 2023ലേക്ക് എത്തുമ്പേഴേക്കും നൂറ്റിയേഴാം സ്ഥാനത്തേക്ക് മാറ്റപ്പെട്ടിരിക്കുന്നു. രാജ്യത്തെ ജനം ദാരിദ്ര്യം തീക്ഷ്ണതയോടെ അനുഭവിക്കുന്നുവെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. എന്നാൽ ഒരു വിഭാഗത്തിന് സന്തോഷമുണ്ടാകും അവർ സമ്പന്നരിൽ നിന്ന് അതിസമ്പന്നരായി വളർന്നവരാണ്.
സമ്പന്നർക്കും അതിസമ്പന്നർക്കും ഹാപ്പിനസ് ഉണ്ടാകും മറ്റു മഹാഭൂരിഭാഗം പാവപ്പെട്ടവർ പാപ്പരാക്കപ്പെടുകയാണ്. ഇതിന്റെ ഭാഗമായി വിശപ്പ് എല്ലാ കാഠിന്യത്തോടെയും അവർ അനുഭവിക്കേണ്ടി വരുന്നുണ്ട്.
സമ്പന്നർ അതിസമ്പന്നരും ദരിദ്രർ അതിദരിദ്രരുമാകുന്ന സാമ്പത്തിക നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. എന്നാൽ കേരളം ഇത്തരത്തിലുള്ള ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നതാണ്.
കേന്ദ്രസർക്കാരിന്റെ നയങ്ങളുടെ ബദൽ നയമാണ് കേരളം സ്വീകരിച്ചത്. കേരളത്തിൽ 64006 കുടുംബങ്ങൾമാത്രമാണ് അതിദരിദ്രരായുള്ളത്. ജനസംഖ്യയുടെ 0.7ശതമാനം മാത്രമാണിത്. അവരെ മൂന്നു വർഷം കൊണ്ട് ദാരിദ്ര്യ മുക്തരാക്കാനാണ് സർക്കാർ തീരുമാനിച്ചത്.
ഒരു വർഷം തികഞ്ഞപ്പോൾ തന്നെ പകുതിയോളം കുടുംബങ്ങളെ അതിദാരിദ്രാവസ്ഥയിൽ നിന്നു മുക്തരാക്കാൻ സാധിച്ചു. 2024 ഓടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എം.വി. ഗോവിന്ദൻഎംഎൽഎ അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. കെ.വി. സുമേഷ് എംഎൽഎ, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലത, ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ, ജനപ്രതിനിധികൾ, വിവിധ സംഘടനാ ഭാരവാഹികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.