പുതുവത്സരത്തെ വരവേറ്റ് ഷീ നൈറ്റ്

kpaonlinenews
<

കണ്ണൂർ: ആടിയും പാടിയും അവർ പയ്യാമ്പലം കടപ്പുറത്ത് നിറഞ്ഞു. പാതിരാവോളം ആഹ്ലാദത്തിന്റെ തിരമാലകൾ കടൽത്തീരത്തും അലയടിച്ചു. പുതുവത്സരത്തെ വരവേൽക്കാൻ പയ്യാമ്പലം ബീച്ചിൽ നടത്തിയ ഷീ നൈറ്റ് ഫെസ്റ്റിൽ അൻപതിനായിരത്തോളം പേർ പങ്കാളികളായി. ജില്ലാ പഞ്ചായത്തായിരുന്നു സംഘാടകർ. ‘ആടാം പാടാം അവളെന്ന വേർതിരിവില്ലാതെ’ എന്ന ടാഗ് ലൈനോടെയായിരുന്നു പരിപാടി.

സ്ത്രീകൾക്ക് ഫലപ്രദമായ സാമൂഹിക ഇടപെടലുകൾ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ, വനിത-ശിശുവികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് ഷീ നൈറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചത്. പുതുവത്സരത്തെ വരവേൽക്കാൻ സ്ത്രീകൾ മാത്രം അണിനിരന്ന ഇത്രയും വിപുലമായ പരിപാടി ജില്ലയിൽ ആദ്യമാണ്.

3.30 മുതൽ പയ്യാമ്പലം പാർക്കിൽ മൈലാഞ്ചി ഇടൽ മത്സരത്തോടെ ആഘോഷം തുടങ്ങി. രണ്ടുവേദികളിലായി ജില്ലയിൽനിന്നുള്ള സ്ത്രീകളുടെ 75 ഇനം കലാപരിപാടികൾ അരങ്ങേറി. ജനപ്രതിനിധികളുടെ നൃത്തനൃത്ത്യങ്ങൾ, ഉദ്യോഗസ്ഥരുടെ കലാപരിപാടികൾ, വിൽക്കലാമേള, സംഗീതശില്പം, കളരിപ്പയറ്റ്, നാടകം, ശിങ്കാരിമേളം, വ്യത്യസ്ത നൃത്തപരിപാടികൾ എന്നിവയും ആഘോഷത്തിന് മാറ്റുകൂട്ടി. രാത്രി 11-ന് സ്ത്രീകളുടെ വടംവലി മത്സരം കടപ്പുറത്ത് നടന്നു. ഒടുവിൽ ഗാനമേളയോടെ കൊട്ടിക്കലാശം.

മുൻമന്ത്രി പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് പി.പി. ദിവ്യ അധ്യക്ഷയായി. കളക്ടർ അരുൺ കെ. വിജയൻ, ഡെപ്യൂട്ടി മേയർ കെ. ഷബീന, ബിനോയ് കുര്യൻ, വി.കെ. സുരേഷ്ബാബു, പി. റോസ തുടങ്ങിയവർ വിശിഷ്ടാതിഥികളായി.

ചലച്ചിത്രതാരം കണ്ണൂർ ശ്രീലതയെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു.പി. ശോഭ, അഡ്വ. കെ.കെ. രത്നകുമാരി, അഡ്വ. ടി. സരള, കെ.വി. ലളിത, പി.വി. വത്സല, കെ.പി. രമണി, ഡീന ഭരതൻ എന്നിവർ സംസാരിച്ചു.

Share This Article
error: Content is protected !!