അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ: ബിജെപി രാഷ്ട്രീയ നേട്ടത്തിന് മതത്തെ ഉപയോഗിക്കുന്നുവെന്ന് സീതാറാം യെച്ചൂരി

kpaonlinenews

കണ്ണൂര്‍: അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മതത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്. രാമക്ഷേത്ര പ്രതിഷ്‌ഠയിൽ കോൺഗ്രസ് പങ്കെടുക്കുന്നത് അവരുടെ രാഷ്ട്രീയ തീരുമാനമാണ്. ഇന്ത്യ മുന്നണിയിൽ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾ ഉണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവരുടേതായ തീരുമാനമുണ്ടെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു.

രാഷ്ട്രീയ എതിരാളികളെ സ്പൈവെയർ ഉപയോഗിച്ച് നിരീക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. മൗലിക അവകാശങ്ങളുടെ ലംഘനമാണത്. ഇന്ത്യൻ ജനങ്ങളെ സംബന്ധിച്ച് കഴിഞ്ഞ പത്ത് വർഷം ഏറ്റവും ദുരിതം നിറഞ്ഞതായിരുന്നു. രാജ്യത്ത് തൊഴിൽ ഇല്ലായ്മ രൂക്ഷമായി. കാര്‍ഷികോൽപ്പാദനം കുറഞ്ഞു. ജനങ്ങളുടെ കൈയ്യിൽ ആവശ്യത്തിന് പണം ഇല്ലാതായി. രാജ്യത്ത് പുതിയ നിക്ഷേപങ്ങൾ കുറഞ്ഞുവെന്നും സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. കണ്ണൂരിൽ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share This Article
error: Content is protected !!