പടന്നപ്പാലം പ്ലാന്റ് ഉദ്ഘാടനം നാളെ

kpaonlinenews

കണ്ണൂർ : സംസ്ഥാനത്ത് തദ്ദേശസ്വയംഭരണസ്ഥാപനം നിർമിക്കുന്ന ആദ്യത്തെ മലിനജല ശുദ്ധീകരണ പ്ലാന്റ് മഞ്ചപ്പാലത്ത് 30-ന്‌ ഉച്ചയ്ക്ക്‌ രണ്ടിന്‌ മന്ത്രി എ.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് മേയർ ടി.ഒ. മോഹനൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കെ. സുധാകരൻ എം.പി., രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. തുടങ്ങിയവർ പങ്കെടുക്കും. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മഞ്ചപ്പാലത്തുള്ള കോർപ്പറേഷന്റെ 50 സെന്റ് സ്ഥലത്താണ് പ്ലാന്റ് നിർമിച്ചത്.

ദിവസം 10 ലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ശുദ്ധീകരിക്കുന്ന ജലം കൃ‌ഷിക്കും പൂന്തോട്ടങ്ങൾക്കും മറ്റുമായി നൽകും. ബാക്കിവരുന്ന ജലം കടലിലേക്ക് ഒഴുക്കിവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പടന്നത്തോട്ടിലെ മലിനജലപ്രശ്നത്തിന് ശാശ്വതപരിഹാരമാകും. വീടുകളിൽനിന്നും ഫ്ളാറ്റുകളിൽനിന്നും വ്യാപാരസ്ഥാപനങ്ങളിൽനിന്നും ഓടകളിലേക്ക് ഒഴുക്കുന്ന മലിനജലത്തിന് പരിഹാരം കണ്ടെത്താനാണ് ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചത്. നഗരത്തിലെ മലിനജലം ഒഴുകിയെത്തുന്നത് പ്രധാനമായും പടന്നത്തോട്ടിലാണ്.

കണ്ണൂർ നഗരത്തിൽ ഏറ്റവും കൂടുതൽ വ്യാപാരകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന കാനത്തൂർ, താളിക്കാവ് വാർഡുകളിൽ ആർ.എം.ബി.ആർ. (റൊട്ടേറ്റിങ് മീഡിയ ബയോ- റിയാക്ടർ) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്ലാൻറാണ് നിർമിച്ചിരിക്കുന്നത്. പ്രദേശത്തുള്ള വീടുകളും ഹോട്ടലുകളും അപ്പാർട്ടുമെന്റുകളും ഉൾപ്പെടെ 1,500 സ്ഥാപനങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. പ്ലാൻറിലേക്ക് മലിനജലം എത്തിക്കുന്നതിനായി 12.5 കിലോമീറ്റർ നീളം വരുന്ന സ്വീവേജ് നെറ്റ്‌വർക്ക് സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം കാനത്തൂർ, താളിക്കാവ് വാർഡുകളിലെ മുഴുവൻ വീടുകളിലേക്കും സൗജന്യമായി കണക്ഷൻ നൽകുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചുവരുന്നുണ്ട്.

കണക്ഷൻ ചെലവ് കോർപ്പറേഷൻ വഹിക്കും

:ഒരുവീട്ടിലേക്ക് കണക്ഷൻ നൽകുന്നതിന് 10,000 രൂപയിലധികം ചെലവുവരും. ഇത് കോർപ്പറേഷൻ വഹിക്കും. നിർമാണം പൂർത്തിയാക്കിയ തൃശ്ശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ടിങ്‌ സൊസൈറ്റിയാണ്. പത്രസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാരായ പി. ഷമീമ, എം.പി. രാജേഷ്, പി. ഇന്ദിര, ഷാഹിനാ മൊയ്തീൻ, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, മുസ്‌ലിഹ് മഠത്തിൽ, സെക്രട്ടറി ഇൻ‌ചാജ് ടി. മണികണ്ഠകുമാർ എന്നിവർ പങ്കെടുത്തു.

Share This Article
Leave a comment
error: Content is protected !!