സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ആസൂത്രണത്തിലെ വീഴ്ചയല്ല -ഡോ. കെ.എൻ.ഹരിലാൽ

kpaonlinenews

കണ്ണൂർ : സാമ്പത്തികാസൂത്രണത്തിലെ വീഴ്ചയല്ല, കേന്ദ്രത്തിന്റെ അവഗണനയാണ് കേരളം നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും സംസ്ഥാന ആസൂത്രണബോർഡ് മുൻ അംഗവുമായ ഡോ. കെ.എൻ.ഹരിലാൽ വ്യക്തമാക്കി. സങ്കുചിതരാഷ്ട്രീയത്തിന്റെ പേരിൽ കേരളത്തിലെ എം.പി.മാരും പാർട്ടികളും കേരളത്തെ തോൽപ്പിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ‘കേന്ദ്ര അവഗണനയും കേരളത്തിzലെ സാമ്പത്തികസ്ഥിതിയും’ എന്ന വിഷയത്തിൽ ഇടതുമുന്നണി വ്യാഴാഴ്ച ജില്ലാപഞ്ചായത്ത് ഹാളിൽ നടത്തിയ സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിതി ആയോഗിന്റെയും അക്കൗണ്ടന്റ് ജനറലിന്റെയും റിസർവ് ബാങ്കിന്റെയും മാനദണ്ഡമനുസരിച്ച് രാജ്യത്തെ ഉയർന്ന സാമ്പത്തിക വളർച്ച കേരളത്തിലാണ്. പ്രതിശീർഷ വരുമാനത്തിലും കേരളംമാണ്‌ മുന്നിൽ. നികുതിവരുമാന വളർച്ച സ്വപ്നതുല്യമായ 22-23 ശതമാനത്തിലേക്ക് എത്തിയിരിക്കുന്നു.

മറ്റു സംസ്ഥാനങ്ങളുടെ നികുതിവരുമാനത്തിൽ 50 ശതമാനം കേന്ദ്ര വിഹിതമാണെങ്കിൽ കേരളം 65-70 ശതമാനം സ്വന്തമായി കണ്ടെത്തുന്നതാണ്. 30-35 ശതമാനമേ കേന്ദ്രം തരുന്നുള്ളൂ. എന്നിട്ടും കേരളത്തിന്റെ വായ്പാപരിധി കുറച്ചു. കേരളം വികസിതമായതുകൊണ്ടാണ് കുറവ്‌ വരുത്തുന്നതെന്നാണ് ന്യായമായി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ അധ്യക്ഷതയിൽ ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ സെമിനാർ ഉദ്ഘാടനം ചെയ്തു. വിവിധ കക്ഷിനേതാക്കളായ കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ., സി.പി.സന്തോഷ്, ജോയ് കൊന്നയ്ക്കൽ, പി.പി.ദിവാകരൻ, കെ.പി.പ്രശാന്തൻ, എം.പി.മുരളി, കാസിം ഇരിക്കൂർ, ജോസ് ചെമ്പേരി, അഡ്വ. എ.ജെ.ജോസഫ്, കെ.സി.ജേക്കബ്, എം.ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Share This Article
Leave a comment
error: Content is protected !!