ഡിസംബര്‍ 06; ഫാഷിസ്റ്റ് വിരുദ്ധ ദിനം, സായാഹ്ന സംഗമം കണ്ണൂരിൽ അജ്മൽ ഇസ്മായീലും മാട്ടൂലിൽ പി ജമീലയും ഉദ്ഘാടനം ചെയ്യും- ബഷീർ കണ്ണാടിപറമ്പ

kpaonlinenews

കണ്ണൂർ: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറ് ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ‘ബാബരി അനീതിയുടെ 31 വര്‍ഷങ്ങള്‍’ എന്ന തലക്കെട്ടിൽ വൈകീട്ട്‌ നാല്‌ മണിക്ക്‌ സംഘടിപ്പിക്കുന്ന സായാഹ്ന സംഗമം കണ്ണൂർ കാൾടെക്സിൽ എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായീലും മാട്ടൂലിൽ സംസ്ഥാന സെക്രട്ടറി പി ജമീലയും ഉദ്ഘാടനം നിർവഹിക്കുമെന്ന്‌ എസ്ഡിപിഐ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി
ബഷീർ കണ്ണാടിപറമ്പ പറഞ്ഞു.

ഗാന്ധി വധത്തിനു ശേഷം നടന്ന രണ്ടാമത്തെ ഭീകരാക്രമണമായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. 1528 ല്‍ നിര്‍മിക്കപ്പെട്ട മസ്ജിദ് 1992 ഡിസംബര്‍ ആറിനാണ് ഫാഷിസ്റ്റ് അക്രമികള്‍ നിയമവിരുദ്ധമായി തല്ലിത്തകര്‍ത്തത്.

2019 നവംബര്‍ ഒമ്പതിന് ബാബരിഭൂമി തര്‍ക്കത്തില്‍ അന്തിമ വിധിപറഞ്ഞ സുപ്രീംകോടതി ബാബരി മസ്ജിദ് നിലനില്‍ക്കുന്നിടത്ത് ക്ഷേത്രം തകര്‍ക്കപ്പെട്ടതിന് യാതൊരു തെളിവുകളുമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്‌, എന്നാൽ ബാബരി തകർത്തവരെ ശിക്ഷിക്കാൻ കഴിയാതിരുന്നത്‌ സാമ്പ്രദായിക പാര്‍ട്ടികളുള്‍പ്പെടെയുള്ളവരുടെ പരാജയമാണ്‌ കാണിക്കുന്നത്‌.

ബാബരിക്ക്‌ ശേഷവും ഒട്ടനവധി പള്ളികള്‍ക്കെതിരെ വീണ്ടും സംഘപരിവാര്‍ അവകാശവാദം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ആരാധനാലയങ്ങളുടെ തദ്സ്ഥിതി സംബന്ധിച്ച സംരക്ഷണത്തിനു വേണ്ടി പാര്‍ലമെന്റ് പാസാക്കിയ 1991ലെ ആരാധനാലയ നിയമത്തെ പോലും അട്ടിമറിച്ചാണ് ഭരണകൂടത്തിന്റെ ഒത്താശയില്‍ അക്രമികള്‍ മസ്ജിദുകള്‍ക്കെതിരേ കൈയേറ്റം ആവര്‍ത്തിക്കുന്നത്.

അധികാരം നിലനിര്‍ത്താൻ വേണ്ടി സംഘര്‍ഷഭരിതമായ അന്തരീക്ഷം നില നിർത്തുക എന്ന ഫാസിസ്റ്റ്‌ രീതി നടപ്പിലാക്കുന്ന ഈ കാലത്ത്‌ ഫാഷിസ്റ്റ്‌ വിരുദ്ധ ദിനത്തിന്‌ പ്രസക്തി വർദ്ദിക്കുകയാണ്‌ ചെയ്യുന്നത്‌. ഇനി ഒരു ആരാധനാലയത്തിനും ബാബരിയുടെ അവസ്ഥ വരാതിരിക്കാൻ ബാബരിയുടെ ചരിത്രവും ഓർമ്മകളും എല്ലാവരിലേക്കും എത്തിക്കേണ്ടതുണ്ട്‌ അതിന്‌ എല്ലാ മതേതര വിശ്വാസികളും മുന്നിട്ടിറങ്ങണമെന്നും ബഷീർ കണ്ണാടിപറമ്പ പ്രസ്താവനയിൽ ആവിശ്യപ്പെട്ടു.

Share This Article
Leave a comment
error: Content is protected !!