52ന്റെ നിറവില്‍ യുഎഇ; രാജ്യമെങ്ങും ആഘോഷം

kpaonlinenews

യുഎഇയുടെ 52-ാമത് ദേശീയ ദിനം ഇന്ന്. ദേശീയ ദിനം പ്രമാണിച്ച് വിപുലമായ ആഘോഷങ്ങളാണ് രാജ്യമെമ്പാടും സംഘടിപ്പിക്കുക. എക്‌സ്‌പോ സിറ്റി ദുബൈയിലാണ് ഔദ്യോഗിക ആഘോഷ ചടങ്ങുകള്‍. കോപ്28 കാലാവസ്ഥ ഉച്ചകോടി കൂടി നടക്കുന്നതിനാല്‍ നൂതന സാങ്കേതിക വിദ്യകളും പ്രദര്‍ശനങ്ങളും ചടങ്ങിന് മാറ്റ് കൂട്ടും. യുഎഇയുടെ പാരമ്പര്യവും രാജ്യത്തിന്റെ ഐക്യവും ദേശീയതയും സ്ഥിരതയും എടുത്തകാട്ടുന്നതാവും വിവിധ പ്രദര്‍ശനങ്ങള്‍.

ഔദ്യോഗിക ചടങ്ങുകള്‍ എല്ലാ പ്രാദേശിക ചാനലുകള്‍ വഴിയും ഔദ്യോഗിക വെബ്‌സൈറ്റായ www.UnionDay.ae വഴിയും സംപ്രേക്ഷണം ചെയ്യും. ഡിസംബര്‍ അഞ്ചു മുതല്‍ 12 വരെ സംഘടിപ്പിക്കുന്ന പൊതു ആഘോഷ ചടങ്ങുകളില്‍ യുഎഇ സ്വദേശികള്‍ക്കും താമസക്കാര്‍ക്കും പങ്കെടുക്കാനുള്ള അവസരവുമുണ്ട്. 1971ലാണ് യുഎഇ രൂപീകൃതമായത്.

ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കൂടാതെ അബുദാബി, ഷാര്‍ജ, ദുബൈ എമിറേറ്റുകള്‍ ദേശീയ അവധി ദിവസങ്ങളായ 2,3,4 തീയതികളില്‍ സൗജന്യ പാര്‍ക്കിങും പ്രഖ്യാപിച്ചിട്ടുണ്ട്. ഫുജൈറ, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളില്‍ 50 ശതമാനം ട്രാഫിക് പിഴയിളവും പ്രഖ്യാപിച്ചിരുന്നു. അബുദാബിയില്‍ പാര്‍ക്കിങും ടോളും സൗജന്യമായിരിക്കുമെന്ന് ഗതാഗത കേന്ദ്രം അറിയിച്ചു.

Share This Article
Leave a comment
error: Content is protected !!