പുതുചരിത്രമെഴുതി നവകേരള സദസ്സ്

kpaonlinenews

ആദിവാസി ഗോത്ര മൂപ്പൻ, സമുന്നതരായ സാഹിത്യകാരൻമാർ, മതപുരോഹിതർ, മതപണ്ഡിതർ, ബിസിനസുകാർ, കായിക താരങ്ങൾ, കലാകാരൻമാർ, യുവാക്കൾ, ട്രാൻസ്‌ജെൻഡറുകൾ തുടങ്ങി സമൂഹത്തിന്റെ പരിച്ഛേദം അണിനിരന്നപ്പോൾ കണ്ണൂരിലെ പ്രഭാതയോഗത്തിൽ ഉയർന്നുകേട്ടത് ജനാധിപത്യത്തിൽ പുതുചരിത്രമെഴുതുന്ന നവകേരള സദസ്സിനുള്ള ഹൃദയാഭിവാദനങ്ങൾ. ബർണശ്ശേരി ഇ കെ നായനാർ അക്കാദമിയിൽ ചൊവ്വാഴ്ച നടന്ന പ്രഭാതയോഗത്തിലാണ് മുഖ്യമന്ത്രിയോടും മുഴുവൻ മന്ത്രിസഭാംഗങ്ങളോടും തങ്ങളുടെ കാഴ്ചപ്പാടുകളും ആശീർവാദങ്ങളും അറിയിക്കാൻ കണ്ണൂരിലെ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിത്വങ്ങൾ ഒത്തുചേർന്നത്.
പ്രഭാതഭക്ഷണത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖഭാഷണത്തിന് ശേഷം പ്രശസ്ത കഥാകൃത്ത് ടി പത്മനാഭനാണ് ആദ്യം സംസാരിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് ഏതൊരു ആദർശത്തിനായാണോ നവകേരളയാത്ര നടത്തുന്നത് ആ യാത്ര സഫലമാകട്ടെ എന്ന് മലയാളത്തിന്റെ പ്രിയകഥാകാരൻ യാത്രാമംഗളങ്ങൾ നേർന്നു. താൻ താമസിക്കുന്ന ഹൗസിംഗ് കോളനിയിലെ കുടിവെള്ള പ്രശ്‌നം അദ്ദേഹം അവിടെ വെച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ മുന്നിൽ ഉന്നയിച്ച് പരിഹാരം തേടുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.
കേരളത്തിന്റെ ചരിത്രം തിരുത്തിയെഴുതുന്ന സംഭവമാണ് നവകേരള സദസ്സെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ദേശീയപാത, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി എന്നിവ നടപ്പാക്കുന്നതിൽ മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യം നാം ദർശിച്ചതാണ്. റബറിന്റെ തറവില 250 രൂപയെങ്കിലും ലഭിച്ചാൽ മലയോര കർഷകർ തൃപ്തരാവും. വന്യമൃഗ ആക്രമണം, കടബാധ്യത മൂലമുള്ള ജപ്തി എന്നിവ ഘട്ടംഘട്ടമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി അദ്ദേഹം പറഞ്ഞു. നവകേരള സദസ്സിൽനിന്ന് രാഷ്ട്രീയ കക്ഷികൾ മാറിനിൽക്കുന്നത് ശരിയായില്ല. ജനപക്ഷത്തുനിന്നാണ് നവകേരളസദസ്സ് സംസാരിക്കുന്നതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ ജനങ്ങളുടെ വീട്ടുമുറ്റത്തുവന്ന് നിൽക്കുന്നത് ലോകചരിത്രത്തിൽ എവിടെയും സംഭവിച്ചിട്ടുണ്ടാവില്ലെന്ന് പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ പറഞ്ഞു. ഇത് പ്രശംസനീയമായ മാതൃകയാണ്. ജനാധിപത്യ പ്രക്രിയയിൽ നാഴികക്കല്ലാണ് നവകേരള സദസ്സ്. എഴുത്തുകാർ സർക്കാറിന്റെ കൂടെ നിൽക്കണം. എഴുത്തുകാർ പ്രതിപക്ഷത്തിന്റെ കൂടെയല്ല, ഭരണപക്ഷത്തിന്റെ കൂടെ നിൽക്കണം. എല്ലായിടത്തും ഭരണത്തലവൻമാർക്ക് എഴുത്തുകാർ പിന്തുണ നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസരം കൊടുക്കാതെ അത് മുൻകൂട്ടി അറിയാനുള്ള സംവിധാനം വേണം. നിർമ്മിത ബുദ്ധി പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കാൻ കഴിയണം. അങ്ങിനെയാണെങ്കിൽ പരാതികൾ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമായി മാഹി പുതുച്ചേരിയിൽ ആണെങ്കിലും ഞങ്ങൾ നൂറുശതമാനം കേരളത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളജനത പ്രതീക്ഷയോടെ നോക്കിക്കാണുന്ന നവകേരള സദസ്സിലൂടെ ജനാധിപത്യത്തിന്റെ യഥാർഥ മുഖമാണ് നാം കാണുന്നതെന്ന് കണ്ണൂർ രൂപത ബിഷപ്പ് അലക്‌സ് വടക്കുംതല പറഞ്ഞു. ജനങ്ങളോട് അവരുടെ പ്രശ്‌നങ്ങൾ നേരിട്ടന്വേഷിക്കുന്ന മന്ത്രിസഭയെ ജനങ്ങളുടെ മന്ത്രിസഭയായി ചരിത്രം വിശേഷിപ്പിക്കും. മിച്ചഭൂമിയിൽ താമസിക്കുന്ന വ്യക്തികളുടെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിൽ സർക്കാർ ഉണ്ടെന്നതിൽ സന്തോഷം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള നവകേരള സദസ്സുമായി മുന്നിട്ടിറങ്ങിയ സർക്കാറിന് എല്ലാവിധ പിന്തുണയും നൽകുന്നതായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രതിനിധി ഷെരീഫ് ബാഖവി വേശാല പറഞ്ഞു.
ജനാധിപത്യത്തിന്റെ അടിസ്ഥാനമായ ഗ്രാമങ്ങളുടെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിൽ ഈ യാത്ര ഉപകരിക്കുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രതിനിധി ആർ പി ഹുസൈൻ മാസ്റ്റർ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷത്തിലേറെയുള്ള പ്രവർത്തനങ്ങളിലൂടെ കേരളം പൊതു ഉന്നത വിദ്യാഭ്യാസത്തിൽ ഉയർന്ന നിലയിലുള്ള സംസ്ഥാനമായി മാറിയെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
ജാതിമത രാഷ്ട്രീയങ്ങൾക്ക് അതീതമായി ജനങ്ങളെയാകെ സേവിക്കുന്നതാണ് ഈ സർക്കാറെന്ന് മുൻ ശബരിമല മേൽശാന്തി കെ ജയരാമൻ നമ്പൂതിരി പറഞ്ഞു. തന്റേതായ മാർഗത്തിലൂടെയും പ്രവർത്തന ശൈലിയിലൂടെയും കേരളത്തെ നയിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
ട്രാൻസ്‌ജെൻഡറുകൾക്ക് തൊഴിൽ സംവരണം ഏർപ്പെടുത്തണമെന്നും എല്ലാ സർക്കാർ ആശുപത്രികളിലും ട്രാൻസ്ജെൻഡർ ക്ലിനിക്ക് സ്ഥാപിക്കണമെന്നും ശസത്രക്രിയ നടത്തി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് പെൻഷൻ ഏർപ്പെടുത്തണമെന്നും ഡെമോക്രാറ്റിക് ട്രാൻസ്ജെൻഡർ ഫെഡറേഷൻ ഓഫ് കേരള ജില്ലാ സെക്രട്ടറി എമി ഷാരോൺ പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ തുടങ്ങിയ വിങ്സ് പദ്ധതിയാണ് തനിക്ക് ആകാശത്തോളം പറക്കാൻ ചിറകുവിരിച്ചു തന്നതെന്ന് കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടിയ തളിപ്പറമ്പ് സ്വദേശിനി സങ്കീർത്തന ദിനേശ് പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ വർധിപ്പിക്കാനുള്ള ഇടപെടലുകൾ ഉണ്ടാകണമെന്ന് നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ടി കെ രമേശ് കുമാർ പറഞ്ഞു.

എല്ലാ സ്‌കൂളുകളിലും കളിക്കളം നിർബന്ധമാക്കണമെന്നും കായിക അധ്യാപകരുടെ കുറവുള്ള സ്‌കൂളുകളിൽ വേഗത്തിൽ നികത്താനാവശ്യമായ ഇടപെടലുകളുണ്ടാകണമെന്നും ഫുട്ബോൾ താരം സി കെ വിനീത് പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും കളിക്കളം യാഥാർഥ്യമാവുകയാണ്. അതിന്റെ തുടർപരിപരണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ആനമതിൽ നിർമാണം തുടങ്ങിയതോടെ ആറളം ഫാമിലെ ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പോവുകയാണെന്ന് ആറളം ഫാമിലെ ഗോത്ര നേതാവ് ഗോപാലൻ മൂപ്പൻ പറഞ്ഞു. ഫാമിൽ കുടിൽകെട്ടി താമസിക്കുന്ന അർഹരായവർക്ക് പട്ടയം നൽകണമെന്നും കുടിവെള്ളം ലഭിക്കാത്ത കുടുംബങ്ങൾക്ക് അതിനുള്ള സൗകര്യമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഴീക്കൽ തുറമുഖ വികസനത്തിലൂടെ കയറ്റുമതിയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നെ് പ്രമുഖ വ്യവസായി വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ പി കെ മായിൻ മുഹമ്മദ് പറഞ്ഞു. ടീം ഹിസ്‌റ്റോറിക്കൽ ഫ്‌ളൈറ്റ് ജനറൽ കൺവീനർ ജയദേവൻ, ഡോ. കെ. മായ, അബ്ദുൽഖാദർ പനക്കാട് എന്നിവരും സംസാരിച്ചു. മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തി. മുഖ്യമന്ത്രിക്കൊപ്പം മന്തിസഭാംഗങ്ങൾ മുഴുവൻ പങ്കെടുത്ത യോഗത്തിൽ എംപിമാരായ ഡോ. ജോൺ ബ്രിട്ടാസ്, ഡോ. വി. ശിവദാസൻ, പി സന്തോഷ് കുമാർ, എംഎൽഎമാരായ എം വി ഗോവിന്ദൻ മാസ്റ്റർ, കെ കെ ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി മോഹനൻ, കെ വി സുമേഷ്, മുൻ മന്ത്രി ഇ പി ജയരാജൻ, മുൻ എംപി പി കെ ശ്രീമതി ടീച്ചർ, മുൻ എംഎൽഎമാരായ എം വി ജയരാജൻ, ജയിംസ് മാത്യു, കെ പി സഹദേവൻ, മാരിടൈം ബോർഡ് അംഗം കാസിം ഇരിക്കൂർ, പത്മശ്രീ എസ് ആർ ഡി പ്രസാദ്, കെ കെ മാരാർ, മട്ടന്നൂർ ശിവരാമൻ, ഷീന ഷുക്കൂർ, ബി ഹംസഹാജി, അറയ്ക്കൽ ആദി രാജ ഹമീദ് ഹുസൈൻ കോയമ്മ, പി ശശി, സി എൻ ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലയിലെ ഏഴ് നിയോജക മണ്ഡലങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് കണ്ണൂരിലെ പ്രഭാത യോഗത്തിൽ പങ്കെടുത്തത്.

Share This Article
Leave a comment
error: Content is protected !!